തെരുവുനായ ശല്യം: അടിയന്തിര നടപടിയുമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്

കൊടിയത്തൂർ: കൊടിയത്തുർ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായശല്യം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നടപടിയുമായി ഗ്രാമ പഞ്ചായത്ത് ഭരണസമിതി. ഇതിൻ്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഭരണ സമിതി അംഗങ്ങളും വെറ്ററിനറി വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ആദ്യഘട്ടത്തിൽ തെരുവ് നായ്ക്കൾക്ക് വാക്സിൻ നൽകുന്നതിനും തുടർന്ന് വന്ധ്യം കരണവും നടത്തും.
കഴിഞ്ഞ ദിവസമാണ് പന്നിക്കോട് അങ്ങാടിക്ക് സമീപം ചത്ത നിലയിൽ കണ്ടെത്തിയ നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. വയനാട് വെറ്റിനറി സർവകലാശാലയിൽ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.രണ്ട് ദിവസങ്ങളിലായി പ്രദേശത്ത് ഭീതിപരത്തിയ നായ മൂന്ന് പേരെ കടിക്കുകയും കന്നുകാലികളെ ആക്രമിക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച രാവിലെ മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥികളെയും നായ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. കവിത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് സുജ ടോം, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ കസ്ന ഹമീദ്, സെക്രട്ടറി ഒ.എ അൻസു, ഡോ. കെ ഇന്ദു, ഡോ. കെ.കെ സുഭാഷ് രാജ്, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.







