മാറ്റത്തിൻറെ പാതയിൽ കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ മേലേപുറായി കോളനി

കാരശ്ശേരി : ഗ്രാമപ്പഞ്ചായത്തിലെ മേലേപുറായി എസ്.സി. കോളനി കെട്ടിലും മട്ടിലും മാറ്റത്തിന്റെ പാതയിലാണ്. കോളനിയെന്നാൽ ഇല്ലായ്മകളുടേയും ദുരിതങ്ങളുടേയും കേന്ദ്രമാണെന്ന ധാരണ തിരുത്താൻ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ നവീകരണപ്രവൃത്തികൾ പുരോഗമിച്ചതോടെയാണ് കോളനിയിൽ സൗകര്യങ്ങളും വൃത്തിയും വർധിച്ചത്.
ചില പ്രശ്നങ്ങൾക്കൂടി പരിഹരിക്കാൻ ബാക്കിയുണ്ടെങ്കിലും പ്രദേശത്തെ മറ്റ് കോളനികളെ അപേക്ഷിച്ച് മേലേപുറായി എസ്.സി. കോളനിയുടെ മുഖച്ഛായ വലിയതോതിൽ മാറിക്കഴിഞ്ഞു. കോളനിയിൽ 14 വീടുകളാണുള്ളത്. ഇതിൽ എട്ടെണ്ണം നല്ല കോൺക്രീറ്റ് വീടുകളാണിപ്പോൾ.
ബ്ലോക്ക് പഞ്ചായത്ത് ഏഴുലക്ഷംരൂപ വകയിരുത്തിയാണ് നവീകരണപ്രവൃത്തി നടത്തിയത്. വീടുകളിലേക്കുള്ള റോഡുകൾ കട്ടകൾ പാകിയും കോൺക്രീറ്റ് ചെയ്തും നവീകരിച്ചു. കുന്നിൽചെരിവിലുള്ള കോളനിയായതിനാൽ ഭൂമി തട്ടുതട്ടുകളായി തിരിച്ചാണ് വീടുകൾ നിർമിച്ചിട്ടുള്ളത്. ഇതുമൂലം ഉയർന്നുനിൽക്കുന്ന മുറ്റത്തിനും റോഡുകൾക്കും സംക്ഷണഭിത്തിയും കൈവരികളും സ്ഥാപിച്ചിട്ടുണ്ട്. നവീകരണപ്രവൃത്തിയെത്തുടർന്ന് വീടുംപരിസരവും വൃത്തിയും ഭംഗിയുമുള്ളതായി. ഇത് ഇവിടുത്തെ കുടുംബങ്ങൾക്ക് സംതൃപ്തിയും അഭിമാനവും പകരുന്നതാണെന്ന് പൂർത്തീകരിച്ച പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിച്ച ബ്ലോക്ക് പ്രസിഡന്റ് ബാബു നെല്ലൂളി പറഞ്ഞു.







