ആന വേണ്ടാ, ഇവിടെ ദേവൻ എഴുന്നള്ളുന്നത് രഥത്തിൽ

മുക്കം: ക്ഷേത്രോത്സവങ്ങൾക്കിടെ ആന ഇടയുന്നത് വാർത്തകളിൽ നിറയുമ്പോൾ മണാശ്ശേരി കുന്നത്ത് തൃക്കോവിൽ ക്ഷേത്രത്തിലെ രഥം വീണ്ടും ചർച്ചകളിലിടം നേടുകയാണ്. കഴിഞ്ഞ എട്ടുവർഷമായി ഈ ക്ഷേത്രത്തിൽ രഥത്തിലാണ് ദേവനെ എഴുന്നള്ളിക്കുന്നത്.
2015-ലെ ക്ഷേത്രോത്സവത്തിൽ പാപ്പാന്റെ ആനയോടുള്ള ക്രൂരത നേരിൽക്കണ്ടതോടെയാണ് രഥമെന്ന ആശയം ഉയർന്നുവരുന്നത്. ക്ഷേത്രോത്സവത്തിനെത്തിച്ച ആന, ക്ഷേത്രനടയിലെ ബലിക്കല്ലിന് സമീപം മൂത്രമൊഴിച്ചതിനെത്തുടർന്ന് പാപ്പാൻ തോട്ടി ഉപയോഗിച്ച് ആനയുടെ കാലിൽ വലിച്ചിരുന്നു. ഇത്, ക്ഷേത്രഭരണസമിതിയോഗത്തിൽ ചർച്ചയാവുകയും ബദൽമാർഗമായി രഥമൊരുക്കാൻ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് ആറുമാസംകൊണ്ട് 70 ലക്ഷത്തോളം രൂപ ചെലവിൽ രഥനിർമാണം പൂർത്തിയാക്കി. 2016-ലെ ക്ഷേത്രോത്സവത്തിൽ ദേവനെ ആദ്യമായി രഥത്തിൽ എഴുന്നള്ളിക്കുകയും ചെയ്തു. ദീപാലംകൃതമായ രഥത്തിന് ചുറ്റും ജീവൻ തുളുമ്പുന്ന നൂറിൽപ്പരം വിഗ്രഹരൂപങ്ങളുണ്ട്. 30 ടൺ ഭാരവും 11 മീറ്ററോളം ഉയരവുമുള്ള ഈ രഥത്തിലാണ് ദേവൻ പള്ളിവേട്ടയ്ക്ക് ഇറങ്ങുന്നത്. യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഇന്ത്യയിലെത്തന്നെ വലിയ രഥങ്ങളിലൊന്നാണ് കുന്നത്ത് തൃക്കോവിൽ ക്ഷേത്രത്തിലേത്.
ക്ഷേത്ര കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം കൈലാസൻ ഇടപ്പറ്റയുടെയും സഹോദരൻ ബിജു എടപ്പറ്റയുടെയും കരവിരുതിലും തച്ചുശാസ്ത്ര വൈദഗ്ധ്യത്തിലുമാണ് രഥമൊരുക്കിയത്. വ്രതശുദ്ധിയുടെയും വേദമന്ത്രങ്ങളുടെയും അന്തരീക്ഷത്തിൽ നടക്കുന്ന രഥോത്സവത്തിൽ പങ്കാളിയാകാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഭക്തരെത്താറുണ്ട്. വലിയ ഏക്കത്തുകയും പരിപാലനച്ചെലവും നൽകി ആനകളെ കൊണ്ടുവരുന്നതിനെക്കാൾ സാമ്പത്തികലാഭവും സുരക്ഷിതത്വവും രഥത്തിനുണ്ടെന്ന് ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ പറയുന്നു. നിർമാണസമയത്ത് വലിയതുക ചെലവഴിച്ചെങ്കിലും പിന്നീട് നാമമാത്രമായ തുകയെ ചെലവഴിക്കേണ്ടി വരുന്നുള്ളൂവെന്നും അവർ പറഞ്ഞു. രഥമുള്ള ക്ഷേത്രമെന്ന ഖ്യാതി, കേരള തീർഥാടന ഭൂപടത്തിൽ പ്രമുഖ ക്ഷേത്രങ്ങൾക്കൊപ്പം ഈ ക്ഷേത്രത്തെയും എത്തിക്കുകയുംചെയ്തു.