മുക്കം ഫെസ്റ്റ് ഞായറാഴ്ച സമാപിക്കും

മുക്കം : മത്തായി ചാക്കോ പഠന-ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന കെ.എം.സി.ടി. മുക്കം ഫെസ്റ്റിന്റെ കലാസന്ധ്യ മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനംചെയ്തു. പ്രോഗ്രാം കമ്മറ്റിയംഗം എൻ.ബി. വിജയകുമാർ അധ്യക്ഷനായി. സിനിമാനടൻ അംജദ് മൂസ മുഖ്യാതിഥിയായി. മുക്കം നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ കെ.കെ. റുബീന, കൂടരഞ്ഞി പഞ്ചായത്തംഗം സീന ബിജു, എഴുത്തുകാരൻ ഡോ. നിഖിൽ മണാശ്ശേരി, മാധ്യമപ്രവർത്തകൻ വഹാബ് കളരിക്കൽ, പി.എ. ഫിറോസ്ഖാൻ, അനൂപ് മഠത്തിൽ എന്നിവർ സംസാരിച്ചു. തുടർന്നുനടന്ന സമീർ ബിൻസിയുടെ മെഹ്ഫിൽ ശ്രദ്ധേയമായി.
മുക്കം ഫെസ്റ്റ് നഗരിയിലെ അക്വാടണൽ മത്സ്യപ്രദർശനം ശ്രദ്ധേയമാകുന്നു. പത്തുദിവസത്തിനിടെ അൻപതിനായിരത്തിലധികം ആളുകളാണ് അക്വാടണൽ സന്ദർശിച്ച്, മത്സ്യങ്ങളെ അടുത്തറിഞ്ഞത്. ചെരിഞ്ഞും മലർന്നും നീന്തുന്ന ബ്ലാക്ക് ഗോസ്റ്റ്, അരാപൈമ, അലിഗേറ്റർ ഗാർ, അരോണ, ലോപ്‌സ്റ്റാർ തുടങ്ങിയ മുപ്പതോളം ഇനത്തിൽപ്പെട്ട അലങ്കാരമത്സ്യങ്ങളും ആമകളും അക്വാടണൽ പ്രദർശനത്തിലുണ്ട്. നാല് ടണൽഅക്വേറിയവും 12 വോൾ അക്വേറിയവും നിറഞ്ഞ അണ്ടർവാട്ടർ അക്വാടണൽ കൗതുകക്കാഴ്ചയാണെന്ന് സന്ദർശകർ പറയുന്നു.
ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഡ്രീം വർക്ക് കമ്പനിയാണ് അണ്ടർവാട്ടർ അക്വാടണലിന്റെ ഉടമകൾ.
നാല് വലിയലോറികളിലായി എത്തിച്ച ടണൽ അക്വേറിയങ്ങൾ ക്രെയിനിനിന്റെ സഹായത്തോടെയാണ് സ്ഥാപിച്ചിരിക്കുന്നത്. ചൂടനുഭവപ്പെടാതിരിക്കാൻ ജർമൻ ഷീറ്റുകൊണ്ടൊരുക്കിയ പന്തലിന് തൂണുകളുമില്ല. തീപ്പിടിത്തത്തെ പ്രതിരോധിക്കാനും ഈ ജർമൻ പന്തലിന് സാധിക്കുമെന്ന് സംഘാടകർ പറയുന്നു. പതിനെട്ടുദിവസം നീണ്ടുനിൽക്കുന്ന മുക്കം ഫെസ്റ്റിലെ അണ്ടർവാട്ടർ അക്വാടണലിന് 45 ലക്ഷം രൂപയാണ് ചെലവ്.