വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന് പരാതിയുമായി യുവാക്കൾ

കോടഞ്ചേരി: സിങ്കപ്പൂരിലുള്ള കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് ലക്ഷങ്ങൾ കബളിപ്പിച്ചുവെന്ന് പോലീസിൽ പരാതി. കോടഞ്ചേരി ചൂരമുണ്ട അറക്കാട്ട് ജോസഫ് ബെൻസു ബെന്നിയാണ് ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.
സിങ്കപ്പൂരിലുള്ള ഏഷ്യൻ ഫ്ലവേഴ്സ് കമ്പനിയിൽ ജോലി ഒഴിവുണ്ടെന്ന് ധരിപ്പിച്ച് എറണാകുളത്ത് ജോലിചെയ്തിരുന്ന സഹപാഠിയായ യുവതി 2020- ലാണ് പരാതിക്കാരനെ സമീപിക്കുന്നത്. കമ്പനി നടത്തുന്നത് പരാതിക്കാരന് പരിചയമുള്ള കോടഞ്ചേരി സ്വദേശികളായ യുവാക്കളാണെന്നും, വിസയും ടിക്കറ്റിനുമായി മൂന്നുലക്ഷം രൂപ ചെലവുണ്ടെന്നും ഇവർ പറഞ്ഞു.
എറണാകുളത്തായിരുന്നു അഭിമുഖം. ഓഫർ ലെറ്ററും ലഭിച്ചു. അവർ പറഞ്ഞ തീയതിക്കകം അഡ്വാൻസായി ഒന്നരലക്ഷംരൂപ അക്കൗണ്ടിലേക്ക് കൈമാറി. രണ്ടുമാസം കഴിഞ്ഞ് ബാക്കിത്തുകയും അയച്ചുകൊടുത്തു.
തുടർന്ന്, അവർ പറഞ്ഞതനുസരിച്ച് വിസ് ക്യാൻസൽ ചെയ്ത് കിട്ടാൻ അപേക്ഷ അയച്ചു. പണം തിരികെ ലഭിക്കുമെന്ന് വാഗ്ദാനം ലഭിച്ചെങ്കിലും ഇതു വരെ കിട്ടിയില്ല. മാർച്ച് 10 ന് പണം തിരികെ തരാം എന്ന് രീതിയിൽ ചെക്ക് നൽകുകയും ചെയ്തിരുന്നു. ചെക്കുമായി ബാങ്കിൽ എത്തിയപ്പോൾ ഇപ്പോൾ ഈ നമ്പറിലുള്ള അക്കൗണ്ട് നിലവിൽ ഇല്ല എന്നാണ് ബാങ്കിൽ നിന്ന് ലഭിച്ച വിവരം എന്ന് പരാതിക്കാരൻ പറയുന്നു.
ഇപ്പോൾ മൂവരുടെയും ഫോണുകൾ മാസങ്ങൾ ആയിട്ട് സ്വിച്ച് ഓഫ് ആണെന്നും പരാതിയിൽ പറയുന്നു. കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി തുടങ്ങിയ മലയോര മേഖലയിൽ നിന്നുള്ള യുവാക്കൾ തട്ടിപ്പിനിരയായതായാണ് പരാതിക്കാരനായ യുവാവ് പറയുന്നത്. പരാതി സംബന്ധിച്ച് അന്വേഷണം നടന്നുവരുന്നതായി കോടഞ്ചേരി പോലീസ് പറഞ്ഞു.
ഏകദേശം മുപ്പതോളം ഉദ്യോഗാർത്ഥികളിൽ നിന്നായി പണം തട്ടിയെന്ന് കരുതുന്നു. മലയോര മേഖലയിലുള്ള പല ഉദ്യോഗാർഥികളും ബാങ്കിൽ നിന്ന് ലോണെടുത്തും, വ്യക്തികളിൽ നിന്ന് കടം മേടിച്ചും ആണ് പണം കൊടുത്തിരിക്കുന്നത്.ജോലി ഇല്ലെങ്കിലും കൊടുത്ത പണം എങ്കിലും തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.







