തിരുവമ്പാടി ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ബസുകൾക്ക് ട്രാക്ക് അനുവദിക്കണം

തിരുവമ്പാടി : കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിനോട് അനുബന്ധിച്ചുള്ള പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ബസുകൾക്കു ട്രാക്ക് അനുവദിക്കണമെന്ന ആവശ്യം ശക്തം. സ്വകാര്യ ബസിനും കെഎസ്ആർടിസി ബസിനും ഒരേ സ്റ്റാൻഡ് ആണ്. സ്വകാര്യ ബസുകൾ നിറയുമ്പോൾ കെഎസ്ആർടിസി ബസുകൾക്ക് സ്റ്റാൻഡിൽ കയറ്റിയിടാൻ ഇടമില്ല. സ്റ്റാൻഡിനു മുൻപിലെ റോഡിലാണു പലപ്പോഴും ബസ് നിർത്തി ആളെ കയറ്റിയിറക്കുന്നത്.
തിരുവമ്പാടി കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിൽ 35 ബസുകളും 33 ഷെഡ്യൂളും ഉണ്ട്. 162 സർവീസ് ആണ് നടത്തുന്നത്. ബസ് സ്റ്റാൻഡിൽ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിനു മുകളിലാണു കെഎസ്ആർടിസി ഓഫിസ് പ്രവർത്തിക്കുന്നത്. താഴെ സാംസ്കാരിക നിലയത്തിനു സമീപമാണ് ഓപ്പറേറ്റിങ് സെന്റർ. കൂടരഞ്ഞി റോഡിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണു ഗാരിജ്. കറ്റ്യാടിനു സമീപം കെഎസ്ആർടിസി ഡിപ്പോ നിർമാണം പുരോഗമിക്കുന്നുണ്ട്. ഒരു വർഷം കഴിയും നിർമാണ പൂർത്തിയാകാൻ.