നെഹ്‌റു നൈതികജാഗ്രതയുടെ പ്രതീകം -ഹമീദ് ചേന്നമംഗലൂർ

തിരുവമ്പാടി : മതനിരപേക്ഷ ഇന്ത്യക്കായി നിലകൊണ്ട ജവാഹർലാൽ നെഹ്‌റു നൈതികജാഗ്രതയുടെ പ്രതീകമായിരുന്നെന്ന് എഴുത്തുകാരൻ പ്രൊഫ. ഹമീദ് ചേന്നമംഗലൂർ. ഇന്ത്യയെന്ന ആധുനികരാഷ്ടത്തിന്റെ അടിസ്ഥാനവ്യാകരണത്തിനുപിന്നിൽ നെഹ്‌റൂവിയൻ മൂല്യരാഷ്ട്രീയത്തിന്റെ സംഭാവനകളേറെയാണ്. അക്കാലത്ത് നിലനിന്നിരുന്ന മൂല്യവ്യവസ്ഥയുടെ ചേരുവകളുടെ മനോഹാരിതയായിരുന്നു നെഹ്റൂവിയൻ പൈതൃകം. അതുകൊണ്ടാണ് അപനിർമിക്കാൻ ശ്രമിക്കുന്നവർക്ക് അത് പൂർണമായും സാധ്യമാകാത്തത്. അത് കാലാതിവർത്തിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുല്ലൂരാംപാറ നെഹ്‌റു ലൈബ്രറി വജ്രജൂബിലി ആഘോഷങ്ങളുടെ സമാപത്തോടനുബന്ധിച്ച് പ്രഭാഷണംനടത്തുകയായിരുന്നു അദ്ദേഹം. നെഹ്‌റു ഉയർത്തിപ്പിടിച്ച ശാസ്ത്രബോധത്തിലധിഷ്ഠിതമായ സാമൂഹികപുരോഗതി എന്ന കാഴ്ചപ്പാടിന് വിരുദ്ധമായ നടപടികൾ രാജ്യത്തുണ്ടാകുന്നതായും ചരിത്രസത്യങ്ങളെ തമസ്കരിക്കാനുള്ള നീക്കങ്ങൾക്കെതിരേ ചെറുത്തുനിൽപ്പ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശികചരിത്ര സുവനീർ അദ്ദേഹം പ്രകാശനംചെയ്തു. ചടങ്ങും വനിതാശാക്തീരണ പ്രവത്തനങ്ങൾ മുൻനിർത്തി വജ്രജൂബിലി സ്മാരകമായി പണിയുന്ന കട്ടിടത്തിന്റെ ശിലാസ്ഥാപനവും ലിന്റോ ജോസഫ് എംഎൽഎ നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ അധ്യക്ഷയായി. ബോസ് ജേക്കബ്, ബാബു കളത്തൂർ, മേഴ്‌സി പുളിക്കാട്ട്, കെ.ഡി. ആന്റണി, സി.സി. ആൻഡ്രൂസ്, ജോസ് മാത്യു, കെ.എഫ്. ജോർജ്, ജോളി ജോസഫ് ഉണ്ണിയേപ്പിള്ളി, ടി.ജെ. കുര്യാച്ചൻ എന്നിവർ സംസാരിച്ചു. ആതുരശുശ്രൂഷാരംഗത്ത് അരനൂറ്റാണ്ടിലേറെയായി സേവനംചെയ്യുന്ന ഡോ. പി.എം. മത്തായി, ലൈബ്രറിയുടെ ഏറ്റവുംമികച്ച വായനക്കാരൻ തങ്കച്ചൻ പതിപറമ്പിൽ എന്നിവരെ ആദരിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.







