Thiruvambady

മേലെ പൊന്നാങ്കയത്ത് ജനവാസമേഖലയിൽ കാട്ടാന; കൃഷി നശിപ്പിച്ചു

തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ മേലെ പൊന്നാങ്കയത്ത് വീണ്ടും ജനവാസമേഖലയിൽ കാട്ടാനയിറങ്ങി. അമ്പലവേലി സാബുവിന്റെ വാഴ, തെങ്ങ്, കമുക്, പുതുപറമ്പിൽ അനിലിന്റെ തെങ്ങ് തുടങ്ങിയ വിളകൾ വ്യാപകമായി നശിപ്പിച്ചു.

ഏതാനും ദിവസങ്ങളായി ഇവിടെ രാത്രി തുടർച്ചയായി കാട്ടാനയെത്തുന്നു. വീടിനോടുചേർന്നു നടത്തുന്ന കൃഷിയാണ് നശിപ്പിച്ചത്. വർഷങ്ങളായി കാട്ടാനഭീഷണി തുടരുന്ന മേലെ പൊന്നാങ്കയത്ത് കാട്ടുപന്നികളുടെ ശല്യവും തുടരുകയാണ്. കൃഷിയിലെ വരുമാനത്തെമാത്രം ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങളാണിവിടെയുള്ളത്. വായ്പയെടുത്തുംമറ്റും വിളവിറക്കുന്ന കൃഷിഭൂമിയിലാണ് വന്യമൃഗങ്ങളുടെ താണ്ഡവം. വനമേഖലയോടുചേർന്ന് സ്ഥാപിച്ചിരുന്ന സൗരോർജവേലികൾ പലയിടത്തും കാട്ടാനകൾ ചവിട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്.

സൗരോർജവേലികൾ പുനഃസ്ഥാപിക്കാൻ അടിയന്തരനടപടി വേണമെന്ന് നാട്ടുകാരനായ കട്ടപ്പറ സനിൽ ആവശ്യപ്പെട്ടു. താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ചിന് അധീനതയിലുള്ള തിരുവമ്പാടി നായർകൊല്ലി സെക്‌ഷനിൽപ്പെടുന്ന കാടോത്തികുന്ന് വനമേഖലയോടുചേർന്ന പ്രദേശമാണിത്.

Related Articles

Leave a Reply

Back to top button