Thiruvambady

രണ്ടുവർഷത്തിനിടെ 15 വാഹനാപകടങ്ങൾ; മലയോര ഹൈവേയിൽ വാഹനങ്ങളുടെ മരണപ്പാച്ചിൽ തുടരുന്നു

തിരുവമ്പാടി : മലയോര ഹൈവേ കോടഞ്ചേരി-കക്കാടംപൊയിൽ റീച്ച് കടന്നുപോകുന്ന പൊന്നാങ്കയത്ത് വാഹനാപകടങ്ങൾ ആവർത്തിക്കുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 15 വാഹനാപകടങ്ങളാണുണ്ടായത്.

ഏറ്റവുമൊടുവിൽ വെള്ളിയാഴ്ച വൈകുന്നേരം കൊടുവള്ളി സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. അതിവേഗത്തിലെത്തിയ കാർ മതിലിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. കാറിന്റെ മുൻവശം ഭാഗികമായി തകർന്നു. പരിക്കില്ല. റോഡ് വികസിപ്പിച്ചതോടെ ഒരു നിയന്ത്രണവുമില്ലാതെയാണ് വാഹനങ്ങൾ കുതിച്ചുപായുന്നത്.പൊന്നാങ്കയം സ്കൂൾ പരിസരത്തായാണ് അപകടങ്ങളേറെയും നടക്കുന്നത്. വാഹനങ്ങളുടെ വേഗം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ രംഗത്തെത്തിയിരിക്കുകയാണ്.അരിപ്പാറ, മറിപ്പുഴ, തുഷാരഗിരി, കക്കാടംപൊയിൽ, പൂവാറൻതോട് തുടങ്ങി വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള വാഹനങ്ങളുടെ പടയാണ് സദാസമയവും.

റോഡിലെ അപകടത്തുരുത്തുകളെക്കുറിച്ചറിയാത്ത വിദൂരങ്ങളിൽനിന്നുള്ളവരാണ് അപകടത്തിൽപ്പെടുന്നവരിലേറെയും. കൂമ്പാറയ്ക്കടത്ത് ആനക്കല്ലുംപാറയിലും അപകടങ്ങൾ ആവർത്തിക്കുകയാണ്. വാഹനങ്ങളുടെ മരണപ്പാച്ചിൽ കാൽനടയാത്രക്കാർക്കും ഭീഷണിയാണ്. കരിങ്കൽക്വാറികളും ക്രഷറുകളും ധാരാളമുള്ള കൂമ്പാറ മേഖലയിൽനിന്നുള്ള ടിപ്പറുകളും റോഡുപണിക്കായെത്തുന്ന ഭാരവാഹനങ്ങളും തലങ്ങും വിലങ്ങുമായി കുതിച്ചുപായുന്നു.ഒരു നിയന്ത്രണവുമില്ലാതെ വാഹനങ്ങൾ ചീറിപ്പായുന്നത് പെരുമഴക്കാലത്ത് ഭീഷണി ഇരട്ടിപ്പിക്കുകയാണ്. കനത്തമഴയിൽ എതിരേവരുന്ന വാഹനങ്ങൾ പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ല.
നിരന്തര ആവശ്യത്തെത്തുടർന്ന് അപായമുന്നറിയിപ്പ്‌ ബോർഡുകൾ സ്ഥാപിച്ചെങ്കിലും വാഹനങ്ങൾ ഇവ ഗൗനിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

Related Articles

Leave a Reply

Back to top button