വായനശാലകളല്ല, വായനശീലമാണ് വളർത്തേണ്ടത് -എം.എൻ. കാരശ്ശേരി

കാരശ്ശേരി : പുതിയകാലത്ത് വായനശാലകൾ കൂടുതലായി ഉണ്ടാക്കുകയല്ല, വായനശീലം വളർത്താനാണ് പരിശ്രമിക്കേണ്ടതെന്ന് എം.എൻ. കാരശ്ശേരി പറഞ്ഞു. സ്നേഹതീരം വയോജനക്കൂട്ടായ്മ വായനദിനത്തിൽ നൽകിയ ആദരത്തിന് മറുപടിപറയുകയായിരുന്നു അദ്ദേഹം.
പുതിയതലമുറ പുസ്തകവായനയിൽനിന്ന് അകലുകയും ഇലക്‌ട്രോണിക് മാധ്യമങ്ങൾ വഴിയുള്ള വായനയിലേക്ക് മാറിയിട്ടുമുണ്ട്.
ആളുകൾക്ക് താത്പര്യമുള്ള വായനരീതി പ്രോത്സാഹിപ്പിക്കുന്നതാണ് പ്രായോഗികം. ലോകംമുഴുവൻ സാഹിത്യവും സംസ്കാരവും വലിയ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നതും പണാധിപത്യത്തിന്റേതായ കാലവുമാണിതെന്നും അദ്ദേഹം പറഞ്ഞു. കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സുനിതാ രാജൻ പൊന്നാടയണിയിച്ച് ആദരിച്ചു. സ്നേഹതീരം പ്രസിഡൻറ് സി. അബ്ദുറഹിമാൻ അധ്യക്ഷനായി. എ.പി. മുരളീധരൻ വായനദിനസന്ദേശം നൽകി. സ്നേഹതീരം സെക്രട്ടറി നടുക്കണ്ടി അബൂബക്കർ, വാർഡ് മെമ്പർ റുഖിയ റഹീം, സലീം വലിയപറമ്പ്, എൻ. മുഹമ്മദ് മാനു, എൻ.പി. ഖാസിം, കെ. വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.