മേലെ പൊന്നാങ്കയത്തും മുതുകാട് നാലാംബ്ലോക്കിലും കാട്ടാന വീട്ടുമുറ്റത്ത്

തിരുവമ്പാടി : കുറ്റാക്കൂരുട്ടിൽ നിനച്ചിരിക്കാതെയെത്തിയ ‘അതിഥി’യെ കണ്ടു അവർ നടുങ്ങി. പിന്നെ പ്രാണഭയത്തോടെ കഴിച്ചുകൂട്ടിയത് മണിക്കൂറൂകൾ. തിരുവമ്പാടി മേലെ പൊന്നാങ്കയത്തും ചക്കിട്ടപാറ മുതുകാട് നാലാംബ്ലോക്കിലും രണ്ടുവീടുകളിലാണ് കഴിഞ്ഞദിവസം രാത്രി നിനച്ചിരിക്കാതെ കാട്ടാന ‘അതിഥി’യായെത്തിയത്.
മേലെ പൊന്നാങ്കയത്ത് പുളിയാനിപ്പുഴയിൽ മോഹനന്റെ വീട്ടുപടിക്കലാണ് കഴിഞ്ഞദിവസം രാത്രി ഒറ്റയാൻ തമ്പടിച്ചത്. ഉറക്കമിളച്ചാണ് കുടുംബം രാത്രി തള്ളിനീക്കിയത്. മിക്ക ദിവസങ്ങളിലും വൈകുന്നേരമായാൽ ആനയിറങ്ങാറുണ്ടെന്ന് മോഹനന്റെ ഭാര്യ രതി പറയുന്നു.
ഒറ്റയ്ക്കും കൂട്ടമായുമാണിവിടെ ആനകളെത്തുന്നത്. കൃഷിയിടമാകെ ചവിട്ടിമെതിച്ച് സകലവിളകളും നശിപ്പിച്ചാണ് തിരിച്ചുപോകുന്നത്. മഴക്കെടുതികൾക്കൊപ്പം കാട്ടാനകൾ വരുത്തിവെക്കുന്ന വ്യാപക കൃഷിനാശം കർഷകരുടെ ജീവിതം ദുരിതപൂർണമാക്കിത്തീർത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടമെത്തി മണിക്കൊമ്പേൽ ജോസുകുട്ടി, പുളിയാനിപ്പുഴയിൽ മോഹനൻ, കണ്ണന്താനത്ത് സജി തുടങ്ങി ഒട്ടേറെപ്പേരുടെ കമുക്, ജാതി, വാഴ, കൊക്കോ തുടങ്ങിയ കൃഷികളാണ് വ്യാപകമായി നശിപ്പിച്ചത്.
വനാതിർത്തിയിലെ സൗരോർജവേലികൾ പിഴുതെറിഞ്ഞാണ് കാട്ടാനകളെത്തുന്നത്. കാടോത്തിക്കുന്ന് വനമേഖലയോട് ചേർന്ന പ്രദേശമാണിത്. കർഷകർ ലക്ഷങ്ങൾ ചെലവഴിച്ച് പണിത സൗരോർജവേലികൾ കാട്ടാനക്കൂട്ടം നശിപ്പിച്ചു. വനംവകുപ്പ് താമരശ്ശേരി റെയ്ഞ്ച് ഓഫീസിന് കീഴിലുള്ള നായർകൊല്ലി സെക്‌ഷന്റെ അധീനതയിലുളള പ്രദേശമാണിത്. സന്ദർശനത്തിൽ കവിഞ്ഞ് വനപാലകരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടികളൊന്നുംതന്നെയുണ്ടാകുന്നില്ലെന്ന് കർഷക കുടുംബങ്ങൾ പരാതിപ്പെടുന്നു.
ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് നാലാംബ്ലോക്കിൽ ഇല്ലപറമ്പിൽ കണാരന്റെവീട്ടിലും കഴിഞ്ഞദിവസം രാത്രി കാട്ടാനയെത്തി. വീട്ടുമുറ്റത്തെ പട്ടിക്കൂടിന് കുത്തുകയും മുറ്റത്തുകെട്ടിയ ടാർപോളിൻ വലിച്ചുകീറുകയും ചെയ്തു. കാട്ടാനയെ തൊട്ടുമുന്നിൽക്കണ്ട ഭയപ്പാടിലാണ് വീട്ടുകാർ. വീട്ടിലെ കുട്ടികളുടെ ഭീതി ഇപ്പോഴും മാറിയിട്ടില്ല.