Thiruvambady

മരക്കാട്ടുപുറത്തെ ഈ പകൽവീട് എന്ന് തുറക്കും

തിരുവമ്പാടി : വയോജനങ്ങൾക്കുള്ള പകൽവീടിന്റെ കെട്ടിടനിർമാണം പൂർത്തിയായി രണ്ടുവർഷം പിന്നിട്ടിട്ടും തുറന്നുകൊടുക്കാൻ നടപടിയായില്ല. തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ മരക്കാട്ടുപുറത്തെ പകൽവീടിനാണ് ഈ അവസ്ഥ.

2018-19 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 6,94,435 രൂപ ജനറൽഫണ്ട് ഉപയോഗിച്ചാണ് പകൽവീടിന്റെ നിർമാണം പൂർത്തിയാക്കിയത്. തുടർന്ന് വൈദ്യുതീകരണത്തിന് 94,972 രൂപകൂടി അനുവദിച്ചിരുന്നു.കെട്ടിടം ഇപ്പോൾ സമൂഹവിരുദ്ധരുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. സമീപത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലെ കുട്ടികളുടെ സുരക്ഷിതത്വത്തെയും ഇത് ബാധിക്കുന്നു.വൈദ്യുതി, ഫർണിച്ചർ, കുടിവെള്ളം, ചുറ്റുമതിൽനിർമാണം തുടങ്ങിയ പ്രവൃത്തികൾ നടത്താനുണ്ട്.

ഗ്രാമപ്പഞ്ചായത്ത് അധികൃതർ വേണ്ട താത്പര്യമെടുക്കാത്തതാണ് ഉദ്ഘാടനം വൈകാൻ കാരണമെന്നാണ് വാർഡ് അംഗം കെ.എം. മുഹമ്മദലിയുടെ വിശദീകരണം. അതേസമയം, വാർഡ് മെമ്പറാണ് ഇതിന് മുൻകൈയെടുക്കേണ്ടതെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ പറഞ്ഞു.പകൽവീടിന്റെ ഉദ്ഘാടനംനടത്തി വയോജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് സിപിഎം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ സി.എൻ. പുരുഷോത്തമൻ അധ്യക്ഷനായി.ഗീതാ വിനോദ്, ഫിറോസ് ഖാൻ, സി. ഗണേഷ്ബാബു, കെ.എം. മുഹമ്മദലി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button