മഴക്കാലപൂർവ്വ ശുചീകരണ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കർമ്മപദ്ധതിയുമായി തിരുവമ്പാടി പഞ്ചായത്ത്

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ശാസ്ത്രീയമായി നടപ്പിലാക്കാൻ കർമ്മപദ്ധതി തയ്യാറാക്കാൻ പഞ്ചായത്ത് വിളിച്ചു ചേർത്ത യോഗം തീരുമാനിച്ചു.
ഗ്രാമ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തന രംഗത്ത് സജീവമായ വാർഡ് ആർ ആർ ടികൾക്കാവശ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും സഹായങ്ങളും ലഭ്യമാക്കുവാനും വളണ്ടിയർമാർക്ക് വാഹനത്തിന്റെ ഇന്ധന ചിലവ് പഞ്ചായത്ത് വക നൽകുവാനും തീരുമാനിച്ചു.
മഴക്കാലത്തോടെ ഉണ്ടായേക്കാവുന്ന പകർച്ചാവ്യാധികളെ നിയന്ത്രിക്കാൻ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ വാർഡ് കമ്മിറ്റികൾ ചേർന്ന് കർമ്മപദ്ധതികൾ തെയ്യാറാക്കാനാണ് യോഗത്തിൽ തീരുമാനിച്ചത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് യോഗത്തിന് അധ്യക്ഷത വഹിച്ചു. കെ എ അബ്ദുറഹിമാൻ, ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, റംല ചോലക്കൽ, സെക്രട്ടറി ബിബിൻ ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുറഹിമാൻ, വാർഡ് മെമ്പർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.







