ചികിത്സയുടെ മറവിൽ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും വിൽപന നടത്തിവന്ന വ്യാജ സിദ്ധനും,കൂട്ടാളിയും പിടിയിലായി

മഞ്ചേരി- അക്യുപങ്ചർ ചികിത്സയുടെ മറവിൽ വീട് വാടകക്കെടുത്ത് കഞ്ചാവും മറ്റു ലഹരി വസ്തുക്കളും വിൽപന നടത്തിവന്ന വ്യാജ സിദ്ധനെയും കൂട്ടാളിയെയും ജില്ലാ ആന്റി നർക്കോട്ടിക്ക് സ്ക്വാഡും കൊണ്ടോട്ടി പോലീസും ചേർന്ന് പിടികൂടി.
കിഴിശ്ശേരി കുഴിമണ്ണ മഠത്തിൽ പള്ളിയാളി ചേർങ്ങോടൻ മുഹമ്മദ് (52) എന്ന ഹിജാമ മുഹമ്മദ്, തൃപ്പനച്ചി പാലക്കാട് വെണ്ണക്കോടൻ നാസർ (26) എന്നിവരെയാണ് അൽ ഹബീബ് ഹിജാമ സെന്റർ എന്ന വ്യാജ അക്യുപങ്ചർ സെന്ററിൽനിന്നു പിടികൂടിയത്. ഇവരിൽ നിന്നു നാലു കിലോ കഞ്ചാവും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഹുക്കകളും കണ്ടെടുത്തു.
മൂന്നു വർഷം മുമ്പാണ് അഞ്ചാം ക്ലാസ് വിദ്യാഭ്യാസമുള്ള മുച്ചീട്ടു കളിക്കാരൻ മുഹമ്മദ് വ്യാജ സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തി ഹിജാമാ ഡോക്ടർ ആകുന്നത്. കിഴിശേരി ഗവൺമെന്റ് എൽ.പി സ്കൂളിനു സമീപത്തെ വാടക വീട്ടിലാണ് ഇയാൾ വ്യാജ ചികിത്സ നടത്തി വന്നിരുന്നത്.
രോഗികളെന്ന വ്യാജേനയാണ് ലഹരി ഇടപാടുകാർ ഇയാളുടെ സ്ഥാപനത്തിൽ എത്തിയിരുന്നത്. സ്ഥാപനത്തിൽ എത്തുന്ന ഇടപാടുകാർക്ക് ലഹരി ഉപയോഗിക്കാനുള്ള സൗകര്യവും മുഹമ്മദ് തന്റെ സ്ഥാപനത്തിൽ ചെയ്തു കൊടുത്തിരുന്നു.
വിദ്യാർഥികൾക്കും മറ്റും ഇയാൾ ലഹരി ഉത്പന്നങ്ങൾ നൽകുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നു ഒരു മാസമായി ഇയാളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. സ്ഥാപനത്തിൽ ചിക്തിസക്കെന്ന രീതിയിൽ എത്തിയാണ് ആന്റി നർക്കോട്ടിക്ക് സ്ക്വാഡ്് അംഗങ്ങൾ മുഹമ്മദിനെയും കൂട്ടാളി നാസറിനെയും പിടികൂടിയത്.
ഇവർക്കു സ്ഥിരമായി ലഹരി ഉത്പന്നങ്ങൾ എത്തിച്ചു നൽകുന്ന സംഘങ്ങളെക്കുറിച്ച് പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.
ഇവർക്കെതിരെയുള്ള അന്വേഷണം ഊർജിതമാക്കി. സ്ത്രീകളെ വശീകരിച്ച് മന്ത്രവാദ ചികിത്സയിലൂടെ നിരവധി പേരിൽ നിന്നു പണം തട്ടിയെടുത്തതായും ഇയാളുടെ വ്യാജ ചികിത്സമൂലം അപകടങ്ങൾ പറ്റിയതായും നിരവധി പരാതിക്കാരാണ് മുഹമ്മദിനെ പിടികൂടിയതറിഞ്ഞ് പോലീസ് സ്റ്റേഷനിൽ എത്തിയത്. പിടികൂടിയവരെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്ദാസിനു ലഭിച്ച രഹസ്യ വിവര പ്രകാരം നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി പി.പി. ഷംസ്, കൊണ്ടോട്ടി ഡി.വൈ.എസ്.പി കെ. അഷറഫ് എന്നിവരുടെ നിർദേശ പ്രകാരം കൊണ്ടോട്ടി ഇൻസ്പക്ടർ പി. ചന്ദ്രമോഹൻ, എസ്.ഐ വി.വി. വിമൽ എന്നിവരുടെ നേതൃത്വത്തിൽ ആന്റി നർക്കോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, കൊണ്ടോട്ടി സ്റ്റേഷനിലെ എസ്.ഐ സുബ്രൻ, രാജേഷ്, സജീവ്, ചന്ദ്രൻ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്







