കാരശ്ശേരിപ്പഞ്ചായത്തിലെ പെരിലക്കാട് കോളനി റോഡ് ഉദ്ഘാടനംചെയ്തു

കാരശ്ശേരി : 40 വർഷംനീണ്ട കാത്തിരിപ്പിനൊടുവിൽ കാരശ്ശേരിപ്പഞ്ചായത്തിലെ പെരിലക്കാട് കോളനിക്ക് റോഡായി. 22 വീട്ടുകാർ താമസിക്കുന്ന കോളനിയിൽ റോഡില്ലാതെ അനുഭവിച്ചുവന്ന ദുരിതം നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. കുത്തനെ ഉയർന്നുനിൽക്കുന്ന കുന്നിലേക്ക് കയറാനും ഇറങ്ങാനും കല്ലും ചരലും നിറഞ്ഞ നടവഴിയാണുണ്ടായിരുന്നത്. ബൈക്ക് പോലും വീടുകളിൽ എത്തിക്കാൻ പറ്റില്ല. രോഗികളെയും വയോജനങ്ങളെയും ആശുപത്രിയിലേക്ക് എടുത്തുകൊണ്ടുപോകണമായിരുന്നു. കോൺക്രീറ്റ് റോഡ് നിർമിച്ചതോടെ ഈ കുടുംബങ്ങൾക്കും വീട്ടിൽ വണ്ടിയെത്തും.
ഗ്രാമപ്പഞ്ചായത്ത് കോളനി നവീകരണത്തിന്റെ ഭാഗമായി 19 ലക്ഷം വകയിരുത്തിയാണ് റോഡ് നിർമിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ആമിന എടത്തിൽ അധ്യക്ഷയായി. സത്യൻ മുണ്ടയിൽ, ശാന്താദേവി മൂത്തേടത്ത്, വാർഡ് മെമ്പർ റുക്കിയ റഹീം, എം.എൻ. സൗദ, ജംഷിദ് ഒളകര, ഷാഹിന, കുഞ്ഞാലി മാമ്പാട്ട്, സുനിത രാജൻ, എം.ടി. അഷ്റഫ്, എം.പി. അസ്സൈൻ, നിസാം കാരശ്ശേരി, അബൂബക്കർ നടുക്കണ്ടി, രാധാകൃഷ്ണൻ, ശ്രീമതി പെരിലക്കാട് എന്നിവർ സംസാരിച്ചു







