ഔഷധ കഞ്ഞിയും പത്തില തോരനും ഒരുക്കി ഓർഫനേജ് ഗേൾസ് സ്കൂൾ

മുക്കം: കർക്കടക മാസത്തിലെ ആരോഗ്യ പരിപാലനം മലയാളിക്ക് പാരമ്പര്യമായി കിട്ടിയതാണ്. കേരളത്തിന്റെ തനത് ആയുർവേദ രീതികളിൽ ഈ മഴ മാസത്തിലെ പ്രകൃതിദത്ത വിഭവങ്ങൾക്ക് സവിശേഷ സ്ഥാനമുണ്ടെന്ന് പുതിയ തലമുറക്ക് ബോധ്യപ്പെടുത്തുന്നതായി മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ മുക്കം ഓർഫനേജ് ഗേൾസ് സ്കൂളിൽ വിദ്യാർത്ഥികൾക്കായി ഒരുക്കിയ ഔഷധ കഞ്ഞിയും പത്തില തോരനും.
മത്തൻ, കുമ്പളം, ചേമ്പ് എന്നിവയുടെ ഇലകളും വിവിധ തരം ചീരകളും ഉൾപ്പടെ പത്തിനം ഇലകൾ ചേർത്തുണ്ടാക്കിയ തോരനും, ഉലുവ, ആശാളി, പൊടി മരുന്ന്, ജീരകം, കൃഷ്ണ തുളസി, കഞ്ഞികൂർക്കൽ തുടങ്ങിയ എട്ടിലധികം മരുന്നുകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഔഷധ കഞ്ഞിയും കുട്ടികൾ അവേശത്തോടെ കഴിച്ചു.
മുക്കത്തെ സീനിയർ ആയുർവേദ ഡോക്ടറും ബാലകൃഷ്ണ ആയുർവേദ മെഡിക്കൽ സെന്റർ ഉടമയുമായ ഡോക്ടർ ബാലകൃഷ്ണൻ ഔഷധ കഞ്ഞി, പത്തില തോരൻ എന്നിവയുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. എം.എം.ഒ അക്കാദമിക് ഡയറക്ടർ പി അബ്ദു മാസ്റ്റർ ചടങ്ങിന് തുടക്കം കുറിച്ചു. ഡോക്ടർ ബാലകൃഷ്ണൻ ‘കർക്കടക മാസവും ആരോഗ്യ പ്രധാന ഭക്ഷണവും’ എന്ന വിഷയത്തിലുള്ള കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. എം ശബീന ആധ്യക്ഷത വഹിച്ചു.പി ആയിഷ, കദീജ കൊളപ്പുറത്ത്, എസ് നസീറ, ടി അഞ്ജു, മിഥു, റഹ്മത്ത്, എൽ സുബൈദ, സി.ടി ഷബീന, സാജിത തുടങ്ങിയവർ വിഭവങ്ങൾ ഒരുക്കാൻ നേതൃത്വം നൽകി.
പി.ടി.എ പ്രസിഡന്റ് സിറാജുദ്ധീൻ, അധ്യാപക പ്രതിനിധികളായ നസീഹ കെ, ഇസ്മായിൽ പി.കെ സംസാരിച്ചു. ടി.റിയാസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഹർഷൽ പറമ്പിൽ നന്ദിയും പറഞ്ഞു.







