പരിഹാരം വേണം, ഇവരുടെ ദുരിതത്തിന്

മുക്കം : “തോട്ടിലേക്ക് മലിനജലം ഒഴുക്കിയതിനെത്തുടർന്ന് കുടിവെള്ളം മുട്ടിയിട്ട് രണ്ടുദിവസമായി. സമീപപ്രദേശങ്ങളിലെ കിണറുകളിൽനിന്ന് വെള്ളമെത്തിച്ചും കുപ്പിവെള്ളം പണംകൊടുത്ത് വാങ്ങിയുമാണ് ആവശ്യങ്ങൾ നിറവേറ്റുന്നത്. പ്രശ്നത്തിന് പരിഹാരം കാണാമെന്ന് എൻഐടി അധികൃതർ പറഞ്ഞതല്ലാതെ അവർ ഇതുവരെ ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല.” അധികൃതരുടെ അനാസ്ഥയിൽ വർഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണാൻ എന്തുചെയ്യണമെന്നാണ് നാട്ടുകാരുടെ ചോദ്യം. എൻഐടി അധികൃതർ മൗനം തുടരുകയും സർക്കാർ സംവിധാനം നോക്കുകുത്തിയാവുകയും ചെയ്യുമ്പോൾ നാട്ടുകാർ നിസ്സഹായരാണ്. ശാസ്ത്രരംഗത്ത് ഇത്രയേറെ പരിജ്ഞാനമുള്ള എൻഐടി അധികൃതർ വിചാരിച്ചാൽ മാലിന്യപ്രശ്നത്തിന് ശാശ്വതപരിഹാരം കാണാനാവുമെന്ന് നാട്ടുകാർ പറയുന്നു.
നാലേമുക്കാൽ ലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരണശേഷിയുള്ള ജല ശുദ്ധീകരണപ്ലാന്റാണ് മെഗാ ഹോസ്റ്റൽ പരിസരത്ത് പ്രവർത്തിക്കുന്നത്. മഴക്കാലത്ത് പരമാവധി മൂന്നുലക്ഷം ലിറ്റർ വെള്ളവും വേനൽക്കാലത്ത് ഇതിൽ താഴെ വെള്ളവുംമാത്രമാണ് പ്ലാൻറിൽ ശുദ്ധീകരിക്കുന്നതെന്ന് എൻഐടി അധികൃതർതന്നെ പറയുന്നു. അങ്ങനെയെങ്കിൽ തോട്ടിലേക്ക് ഒഴുക്കുന്ന വെള്ളം ജലശുദ്ധീകരണ പ്ലാന്റിലേക്കെത്തിച്ചാൽ പ്രശ്നത്തിന് പരിഹാരമാവുമെന്നും നാട്ടുകാർ പറയുന്നു.







