ഇരുവഞ്ഞിപ്പുഴയിലും ചെറുപുഴയിലും നീർനായകളുടെ ആക്രമണം

കാരശ്ശേരി : പുഴകളിൽ ഇറങ്ങിയാൽ നീർനായകളുടെ കടിയേൽക്കാതിരിക്കാൻ ഭാഗ്യം വേണം എന്ന അവസ്ഥയായി. ഇരുവഞ്ഞിപ്പുഴയിലും ചെറുപുഴ യിലുമൊക്കെ നീർനായകളുടെ ആക്രമണം അത്രമേൽ വർധിച്ചു. കഴിഞ്ഞദിവസം ഇരുവഞ്ഞിപ്പുഴയിലെ കാരശ്ശേരി തെക്കേടത്ത് കടവിൽ കുളിയ്ക്കാനിറങ്ങിയ വീട്ടമ്മയെ നീർനായ കടിച്ചു. തെക്കേടത്ത് സുലോചന (69)യ്ക്കാണ് കടിയേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചാണ് ചികിത്സ നൽകിയത്. കാരശ്ശേരി വടിശ്ശേരിക്കടവിൽ കുളിയ്ക്കാനെത്തിയ സ്ത്രീ നീർനായകളുടെ ആക്രമണത്തിൽനിന്ന് ഓടി കരയ്ക്കുകയറി രക്ഷപെടുകയായിരുന്നു.
ഇരുവഞ്ഞിപ്പുഴയിലും ചാലിയാറിലുമാണ് ഏതാനും വർഷങ്ങളായി നീർനായകളുടെ ആക്രമണം കൂടുതൽ. ഇപ്പോൾ അത് ചെറുപുഴയിലും വർധിച്ചു. കഴിഞ്ഞയാഴ്ച ചെറുപുഴയിലെ കാരമൂല മണ്ടാംകടവിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾക്ക് കടിയേറ്റു. മുക്കം ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥികളായ സി.കെ. മിർഷാഹ് (14), മിഹാൽ ബാബു (14) എന്നിവർക്കാണ് കടിയേറ്റത്. ഇരുവരുടെയും കാലിനാണ് കടിച്ചത്. കളി കഴിഞ്ഞശേഷം കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. കൂടെയുണ്ടായിരുന്ന മറ്റു നാലുപേർ ഭാഗ്യംകൊണ്ടുമാത്രം കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
ഇരുവഞ്ഞിപ്പുഴയിൽ നീർ നായകളുടെ എണ്ണം വലിയതോതിൽ പെരുകിയതോടെയാണ് ചെറുപുഴയിലേക്കും ഇവ ധാരാളമായി എത്തിയത്. കഴിഞ്ഞ നാലുവർഷത്തിനിടെ ഇരുവഞ്ഞിപ്പുഴയിൽനിന്നും ചെറുപുഴയിൽനിന്നും ചാലിയാറിൽനിന്നുമായി 450-ലേറെപ്പേർക്കാണ് നീർനായകളുടെ കടിയേറ്റത്. ആദ്യകാലങ്ങളിൽ ഒറ്റയ്ക്കൊറ്റക്കുള്ള ആക്രമണമായിരുന്നെങ്കിൽ ഇപ്പോൾ നാലുംഅഞ്ചും കൂട്ടമായാണ് എത്തുന്നത്.







