കാട്ടുപന്നിശല്യത്തിൽ നടപടി ഉറപ്പുനൽകി ചെയർപേഴ്സൺ

മുക്കം : രൂക്ഷമായ കാട്ടുപന്നിശല്യത്തിന് പരിഹാരംതേടി കർഷകക്കൂട്ടായ്മയുടെ നേതൃത്വത്തിൽ മുക്കം നഗരസഭാ ഓഫീസിനുമുന്നിൽ നടത്തിയിരുന്ന അനിശ്ചിതകാല നിരാഹാരസത്യാഗ്രഹസമരത്തിന് നാലാംനാൾ ശുഭപരിസമാപ്തി. കാട്ടുപന്നികളെ പിടികൂടാൻ കൂടുതൽ ഷൂട്ടർമാരെ നിയമിച്ച് ഉത്തരവിറക്കി, തുടർനടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ പി.ടി. ബാബു കർഷകർക്ക് ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. സമരക്കാരുമായി നഗരസഭാ ചെയർപേഴ്‌സന്റെ ചേംബറിൽനടന്ന ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ജീവിതംതന്നെ ഗതിമുട്ടുംവിധം കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ കൊന്നൊടുക്കാൻ നായാട്ടുപോലുള്ള നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കർഷകർ മുക്കം നഗരസഭാകവാടത്തിൽ അനിശ്ചിതകാല റിലേ നിരാഹാരസത്യാഗ്രഹം തുടങ്ങിയത്. കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ സർക്കാർ അനുമതിനൽകിയിട്ടും നഗരസഭ ഒഴിഞ്ഞുമാറുകയാണെന്നാരോപിച്ചാണ് കർഷകക്കൂട്ടായ്മ സമരം ആരംഭിച്ചിരുന്നത്.
സമീപ പഞ്ചായത്തുകളെല്ലാം നായാട്ടുനടത്തിയും ഷൂട്ടർമാരുടെ സഹായത്തോടെയുംമറ്റും കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നത് ചൂണ്ടിക്കാട്ടുമ്പോൾ നഗരസഭ കണ്ണടയ്ക്കുകയാണെന്നായിരുന്നു സമരക്കാരുടെ ആരോപണം. നഗരസഭയിലെ അൻപതോളം കർഷകരും നാട്ടുകാരും നഗരസഭാ ഓഫീസിനുമുന്നിൽ നടത്തിവന്നിരുന്ന സമരമാണ് നാലാംനാൾ വിജയംകണ്ടത്. കാട്ടുപന്നിശല്യം അതിരൂക്ഷമായതിനെത്തുടർന്ന്, നായാട്ടിന്റെ സാധ്യതകൾതേടി നഗരസഭയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 11-ന് മണാശ്ശേരിയിൽ കർഷകരുടെയും ഷൂട്ടർമാരുടെയും നാട്ടുകാരുടെയും യോഗംചേർന്നിരുന്നു. കിഫ ഷൂട്ടർമാരുടെ ഉൾപ്പെടെ ലൈസൻസ് നമ്പർ സഹിതം നൽകി നായാട്ടിന് അനുമതിതേടി കളക്ടർക്ക് അപേക്ഷ നൽകാമെന്ന് യോഗത്തിൽ തീരുമാനമെടുക്കുകയും ചെയ്തു. എന്നാൽ തുടർനടപടികൾ ഉണ്ടായില്ല. തുടർന്ന്, കാട്ടുപന്നികളെ വെടിവെച്ച് കൊല്ലണമെന്നാവശ്യപ്പെട്ട് കർഷകർ മുക്കം നഗരസഭാ ഓഫീസ് ഉപരോധിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ നഗരസഭാ വൈസ് ചെയർപേഴ്സൺ കർഷകരുമായി ചർച്ചനടത്തി. സെപ്റ്റംബർ 30-നകം പ്രശ്നത്തിന് പരിഹാരംകാണാമെന്ന് ഉറപ്പുനൽകിയതോടെയാണ് അന്ന് സമരം അവസാനിപ്പിച്ചത്. ഈ ഉറപ്പും നഗരസഭാധികൃതർ പാലിക്കാതായതോടെയാണ് റിലേ നിരാഹാര സത്യാഗ്രഹവുമായി രംഗത്തെത്തിയത്.
നിലവിൽ അഞ്ച് എംപാനൽ ഷൂട്ടർമാരുടെ സേവനമാണ് നഗരസഭയിലുള്ളത്. ഇവരെക്കൂടാതെ ഒൻപത് ഷൂട്ടർമാരെക്കൂടി നിയമിച്ച് പകൽ കാടിളക്കി നായാട്ട് നടത്തിയും രാത്രിയിൽ പതിവുപോലെയും കാട്ടുപന്നികളെ ഉന്മൂലനംചെയ്യാൻ ഉടൻനടപടി സ്വികരിക്കുമെന്ന് ചെയർപേഴ്‌സൺ കർഷകർക്ക് ഉറപ്പുനൽകി. നഗരസഭാപരിധിക്ക് പുറത്തുള്ള ഒൻപത് ഷൂട്ടർമാർക്ക് വെടിവെക്കാൻ അനുമതിനൽകി തിങ്കളാഴ്ച വൈകീട്ടോടെ ചെയർപേഴ്സൺ പി.ടി. ബാബു ഉത്തരവിറക്കി. അടുത്തദിവസം ഷൂട്ടർമാരുടെ യോഗം ചേരുമെന്നും തുടർനടപടികൾ വേഗത്തിലാക്കുമെന്നും പി.ടി. ബാബു ‘മാതൃഭൂമി’യോട് പറഞ്ഞു. അതേസമയം, കർഷകർക്ക് നൽകിയ ഉറപ്പ് ഇനിയുംപാലിച്ചില്ലെങ്കിൽ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു.






