റബ്ബർ ഉത്പാദനം കുത്തനെ കുറഞ്ഞു; ഇലകൊഴിച്ചിലും വിലയിടിവും

കോടഞ്ചേരി : കാലാവസ്ഥാവ്യതിയാനംമൂലം കാലംതെറ്റിയുള്ള ഇലകൊഴിച്ചിലും, വിലയിടിവും കാരണം റബ്ബർ ഉത്പാദനം കുത്തനെ കുറഞ്ഞു. ഗ്രേഡ് റബ്ബർ ഷീറ്റിന്റെ വരവ് പകുതിയിലധികം കുറവാണെന്നാണ് വ്യാപാരികൾ പറയുന്നത്. കഴിഞ്ഞകൊല്ലം ഒക്ടോബറിൽ ദിവസേന അഞ്ചുടൺ ഗ്രേഡ് ഷീറ്റ് കോടഞ്ചേരിയിൽമാത്രം മലഞ്ചരക്ക് കടകളിൽ എത്തുമായിരുന്നു. ഇക്കുറിയാകട്ടെ, ദിവസേന രണ്ട് ടൺ മാത്രമേ എത്തുന്നുള്ളൂ.
എന്നാൽ, കഴിഞ്ഞതവണത്തേക്കാൾ അഞ്ചിരട്ടി ചിരട്ടപ്പാൽ(ചിരട്ടയിൽ ഉറയുന്നത്) എത്തുന്നുണ്ട്. ഷീറ്റിന്റെ ഉത്പാദനച്ചെലവ് കൂടുകയും ജോലിക്കാരുടെ കുറവും ചിരട്ടപ്പാലിന്റെ മെച്ചപ്പെട്ട വിലയും അധ്വാനലാഭവും ഇതിന്റെ കാരണങ്ങളാണ്. അധ്വാനഭാരവും ഉത്‌പാദനച്ചെലവും കണക്കിലെടുത്ത് റബ്ബർ ലാറ്റക്സ് കൊടുക്കുന്ന കർഷകരുടെ എണ്ണവും കൂടുതലാണ്.സാധാരണമായി റബ്ബറിന്റെ ഇലപൊഴിയുന്നത് വേനലിന്റെ തുടക്കത്തിൽ ഡിസംബർ, ജനുവരി മാസങ്ങളിലാണ്. എന്നാൽ, തുടർച്ചയായ മഴയും തീവ്രമഴയും കാരണം റബ്ബറിന്റെ ഇല കാലവർഷത്തിന്റെ ആരംഭത്തിൽത്തന്നെ കൊഴിഞ്ഞു. പിന്നീട് ഇല തളിർത്തതേയില്ല. ഇലകളിലും തണ്ടുകളിലും ഈർപ്പം നിലനിൽക്കുന്നതിനാൽ കുമിൾബാധയാണ് ഇലകൊഴിച്ചിലിന്റെ പ്രധാനകാരണം. ചെലവേറിയ മരുന്നുതളിക്കൽ നിലച്ചതോടെ ഇലകൊഴിച്ചിലിന് ശമനവുമില്ല. ഇത് ഉത്പാദനത്തെ സാരമായി ബാധിച്ചു. ഉത്‌പാദനം കുറഞ്ഞതോടെ പലരും ടാപ്പിങ് പുനരാരംഭിച്ചില്ല. ഉത്പാദനച്ചെലവ് കണക്കിലെടുക്കുമ്പോൾ റബ്ബറിന്റെ വില ലാഭകരമല്ലാത്തതിനാൽ വളമിടലും മരുന്നുതളിയും കർഷകർ ഉപേക്ഷിച്ചു. മഴയത്ത് ടാപ്പിങ് നടത്തുന്നതിനായി ‘റെയിൻ ഗാർഡ്’ ഇടുന്നതിന് ഒട്ടേറെ കർഷകർ മിനക്കെടുന്നില്ല.
ഗ്രേഡ് റബ്ബർ ഷീറ്റിന് ഒന്നരമാസംമുൻപ് കിലോയ്ക്ക് 213 രൂപ വരെ പ്രാദേശികവിപണിയിൽ വിലയുയർന്നിരുന്നു. ഇപ്പോഴാകട്ടെ, 184 രൂപയാണ്. സീസൺ എത്തിയപ്പോഴുള്ള വിലയിടിവ് കർഷകരെ നിരാശരാക്കുന്നു. കഴിഞ്ഞവർഷത്തെക്കാൾ ആഗോളവിപണിയിൽ റബ്ബർവില കുറഞ്ഞുനിൽക്കുകയാണ്. പ്രാദേശികവിപണിയിൽനിന്ന് റബ്ബർ കൂടുതൽ സംഭരിക്കുന്നത് ടയർകമ്പനികളാണ്. കുറഞ്ഞ അളവിലേ കേരളത്തിന് പുറത്തേക്ക് കയറ്റിപ്പോകുന്നുള്ളൂ. മഴമാറി ഇല തളിർക്കുന്നതോടെ ഉത്പാദനവും ഒപ്പം വിലയും കൂടുമെന്ന പ്രതീക്ഷയിലാണ് കർഷകർ.







