India

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്നിക് 5; മനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍ ഈ ആഴ്ച ആരംഭിക്കും

ന്യൂഡല്‍ഹി: റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിനായ സ്പുട്നിക് 5ന്റെ മനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍ ഈ ആഴ്ച മധ്യത്തോടെ ആരംഭിക്കും. മനുഷ്യരിലെ വാക്സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സ്പുട്നിക് 5 വാക്‌സിന്റെ പരീക്ഷണം ഈ ആഴ്ച ആരംഭിക്കുമെന്ന് നീതി ആയോഗ് അംഗം ഡോക്ടര്‍ വികെ പോള്‍ ചൊവ്വാഴ്ച സ്ഥിരീകരിച്ചിരുന്നു. വാക്‌സിന്‍ പരീക്ഷണത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങള്‍ സംയുക്തമായാണ് നടത്തുകയെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ലോകത്തിലെ ആദ്യത്തെ കൊവിഡ് പ്രതിരോധ വാക്സിന്‍ തങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി ഓഗസ്റ്റിലാണ് റഷ്യ പ്രഖ്യാപിക്കുന്നത്. മോസ്‌കോ ആസ്ഥാനമായ ഗമാലെയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് സ്പുട്നിക്-5 വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ഹൈദരാബാദിലെ ബഹുരാഷ്ട്ര മരുന്നു നിര്‍മ്മാണ കമ്പനിയായ ഡോ. റെഡ്ഡീസ് ലാബോറട്ടറീസുമായാണ് വാക്സിന്‍ പരീക്ഷണത്തിന്റേയും വിതരണത്തിന്റേയും കരാര്‍. 100 ദശലക്ഷം ഡോസ് വാക്സിന്‍ ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് ആര്‍ഡിഐഎഫ് നല്‍കും.

അതേസമയം സ്പുട്നിക് 5 അടിയന്തര പ്രതിരോധ മരുന്നായി ആഗോളതലത്തില്‍ ഉപയോഗിക്കാനുള്ള ലൈസന്‍സിനായി റഷ്യ ലോകാരോഗ്യ സംഘടനയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. വാക്സിന്‍ നിര്‍മ്മാതാക്കളായ ഫൈസര്‍, ബയോണ്‍ടെക്ക് എന്നിവയും മോഡേണയും തങ്ങളുടെ കൊവിഡ് വാക്‌സിന്‍ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്.

Related Articles

Leave a Reply

Back to top button