Kodanchery

പറപ്പറ്റ പാലം ഉദ്ഘാടനം ഇന്ന്

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ പറപ്പറ്റ പാലത്തിന്റെ ഉദ്ഘാടനം ഇന്ന് രാത്രി 7ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. ലിന്റോ ജോസഫ് എംഎൽഎയുടെ ശ്രമ ഫലമായി മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ (സിഎംഎൽആർ ആർ) 3 കോടി രൂപ അനുവദിച്ചാണ് പറപ്പറ്റ പാലം നിർമിച്ചത്. കോടഞ്ചേരി-പറപ്പറ്റ-ചെമ്പുകടവ്-അടിവാരം റോഡിൽ ചാലിപ്പുഴയിലാണ് പറപ്പറ്റ പാലം.പാലത്തിന്റെ ഇരുഭാഗത്തും അനുബന്ധ റോഡ് നിർമിക്കുന്നതിന് ആവശ്യമായ സ്ഥ‌ലം പഞ്ചായത്ത് ഭരണ സമിതിയുടെ ശ്രമഫലമായി സ്‌ഥല ഉടമകൾ സൗജന്യമായി ലഭ്യമാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി പറഞ്ഞു.

പുതിയ പാലം പണിയുന്നതിന് ആവശ്യമായ പാലത്തിന്റെ ഡിസൈനിങ്, ബോറിങ് (മണ്ണ് പരി ശോധന), കെഎസ്ഇബി ലൈനുകൾ മാറ്റി സ്ഥാപിക്കൽ എന്നിവയ്ക്കായി പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. 33 മീറ്റർ നീളത്തിലും 6 മീറ്റർ വീതിയിലും രണ്ട് സ്പാനുകളിലാണു പാലം, പാലത്തിന്റെ ഒരറ്റത്ത് ചെമ്പുകടവ് ഭാഗത്ത് 70 മീറ്റർ നീളത്തിലും പാലത്തിന്റെ മറുഭാഗത്ത് കോടഞ്ചേരി ഭാഗത്ത് 140 മീറ്റർ നീളത്തിലും അനുബന്ധ റോഡും നിർമിച്ചു. പാലത്തിന്റെ കോടഞ്ചേരി ഭാഗത്ത് പുഴയോരത്തെ താമസക്കാർക്ക് സർവീസ് റോഡും പണിതു.

പാലത്തിന്റെ ചെമ്പുകടവ് ഭാഗത്ത് അനുബന്ധ റോഡ് വീതികുട്ടി ഇന്റർലോക്ക് നിരത്തി. മെറ്റൽ കൈവരികൾ സ്‌ഥാപിച്ച് പുഴയോരം ഭംഗിയാക്കി. പഞ്ചായത്ത് ഭരണ സമിതിയുടെയും പഞ്ചായത്ത് എൻജിനീയർ വിഭാഗത്തിന്റെയും മേൽനോട്ടത്തിലാണ് പാലം നിർമാണം പൂർത്തീകരിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാറുകാർ.ഉയരം കുറഞ്ഞ കാലപ്പഴക്കം ചെന്ന പറപ്പറ്റ ബണ്ട് പാലം പൊളിച്ചു നീക്കിയാണു പുതിയ പാലം പണിതത്. പാലത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 6 ന് മേരിലാന്റ് ബ്രദേഴ്സ് സ്പോൺസർ ചെയ്യുന്ന കോമഡി ഉത്സവം ശോഭിത്ത് മങ്ങാടിന്റെ കോമഡി ഷോയും ഗാനമേളയും ഉണ്ടായിരിക്കും.

Related Articles

Leave a Reply

Back to top button