Kozhikode

കേരളത്തിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബഹിഷ്‌ക്കരണം! കോഴിക്കോട് ആശുപത്രി ജീവനക്കാര്‍ക്ക് നാട്ടുകാര്‍ വിലക്കേര്‍പ്പെടുത്തി

കോഴിക്കോട്: കോഴിക്കോട്ട് കൊവിഡ് സ്ഥിരീകരിച്ച നഴ്‌സ് ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരെ അവരുടെ വീടുകളില്‍ പ്രവേശിക്കാന്‍ നാട്ടുകാര്‍ സമ്മതിക്കുന്നില്ലെന്ന് പരാതി. ആശുപത്രി ജീവനക്കാരെ നാട്ടുകാര്‍ ബഹിഷ്‌ക്കരിക്കുകയാണെന്നാണ് പരാതി. കുടുംബങ്ങളെ പോലും ഒറ്റപ്പെടുത്തുന്നതായി ജീവനക്കാര്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് .

നഴ്‌സ് ജോലി ചെയ്ത സമയത്ത് ആശുപത്രിയിലെത്തിയ മുഴുവന്‍ പേരെയും നിരീക്ഷണത്തിലയച്ച് ആവശ്യമായ നടപടികളെടുത്തിട്ടും അത് പരിഗണിക്കാതെയാണ് ഇത്തരം വിലക്കുകള്‍. പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ മോശം രീതിയില്‍ ജീവനക്കാരെ കുറിച്ച് സന്ദേശങ്ങള്‍ കൈമാറുന്നതായും കുടുംബങ്ങള ഒറ്റപ്പെടുത്തുന്നതായും ഈ പരാതിയില്‍ പറയുന്നു.സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ജോലിചെയ്യുന്ന തങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടല്‍ വേണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.

എടച്ചേരി സ്വദേശിയായ രോഗിയില്‍ നിന്നായിരുന്നു ഇഖ്‌റ ആശുപത്രിയിലെ നഴ്‌സിന് കൊവിഡ് പകര്‍ന്നത്. തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരേയും നീരീക്ഷണത്തിലാക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഈ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മുതല്‍ അറ്റന്‍ഡര്‍മാര്‍ വരെ മാനസിക പീഡനം അനുഭവിക്കുകയാണ്. കൊവിഡ് ഐസലേഷന്‍ വാര്‍ഡുമായി ഒട്ടും ബന്ധപ്പെടാത്തവരാണ് ഇത്തരത്തില്‍ പീഡനം നേരിടുന്നത്.

കഴിഞ്ഞ ദിവസം പേരാമ്പ്രയിലെ കനാല്‍ മുക്ക് എന്ന സ്ഥലത്ത് രാത്രിയോടെ സ്ത്രീകളായ രണ്ട് ആശുപത്രി ജീവനക്കാരെ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ നാട്ടുകാരനുവദിച്ചില്ല. തുടര്‍ന്ന് രണ്ട് മണിക്കൂറോളം ബസ്സ്‌റ്റോപ്പില്‍ കഴിയേണ്ടി വന്ന ഇവരെ പിന്നീട് പോലീസെത്തിയാണ് വീട്ടിലേക്ക് കൊണ്ട് പോയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതായും നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

Related Articles

Leave a Reply

Back to top button