തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ രണ്ട് ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തു; ജാഗ്രത നിർദേശം

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ആനക്കാംപൊയിലും പാമ്പിഴഞ്ഞപാറയിലും രണ്ട് ഷിഗെല്ല രോഗബാധ കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ അധികൃതർ നിർദേശിച്ചു.
മലിനമായ ഭക്ഷണവും കുടിവെള്ളവും വഴിയാണ് ഷിഗെല്ല രോഗം പ്രധാനമായും പകരുന്നത്. കടുത്ത വയറിളക്കം, വയറുവേദന, രക്തം കലർന്ന വയറിളക്കം, ഛർദ്ദി എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
രോഗവ്യാപനം തടയുന്നതിനായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശുചിമുറി ഉപയോഗിച്ചതിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക, ഭക്ഷണത്തിലും പരിസര ശുചിത്വത്തിലും പ്രത്യേകം ശ്രദ്ധ പുലർത്തുക തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യവകുപ്പ് നൽകിയത്.
രോഗലക്ഷണങ്ങൾ പ്രകടമായാൽ സ്വയം ചികിത്സ നടത്താതെ സമീപത്തെ ആരോഗ്യകേന്ദ്രത്തിൽ ഉടൻ ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിച്ച് ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അഭ്യർഥിച്ചു.







