ലോകകപ്പ് ലഹരിയിൽ മുക്കം; നഗരസഭയുടെ ‘നഗരാരവം – 2026’ സൗഹൃദ ഫുട്ബോൾ മത്സരം

മുക്കം: ആഗോള ഫുട്ബോൾ മാമാങ്കത്തിന്റെ ആവേശം ഉൾക്കൊണ്ട് മുക്കം നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘നഗരാരവം – 2026’ സൗഹൃദ ഫുട്ബോൾ മത്സരം ജനശ്രദ്ധ നേടി. ഔദ്യോഗിക ജീവിതത്തിലെ തിരക്കുകളെല്ലാം മാറ്റിവെച്ച് കാൽപ്പന്തിന്റെ ലഹരിയിലേക്ക് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തൊഴിലാളികളും ഒന്നിച്ച് ഇറങ്ങിയപ്പോൾ കാണികൾക്കും അതൊരു പുത്തൻ അനുഭവമായി മാറി.
കടുത്ത പോരാട്ടങ്ങൾക്കൊടുവിൽ ഫുട്ബോൾ പ്രേമികൾക്ക് ആസ്വാദ്യകരമായ മികച്ചൊരു കായികവിരുന്നാണ് ‘നഗരാരവം – 2026’ സമ്മാനിച്ചത്.മുക്കം ഹിറാ സ്കൂൾ ടർഫ് ഗ്രൗണ്ടിൽ വെച്ചു നടന്ന ഫുട്ബോൾ മൽസരത്തിൽ പോലീസ്, ഫയർഫോഴ്സ്, മാധ്യമപ്രവർത്തകർ എന്നിവർ മാറ്റുരച്ചു. കൂടാതെ മുക്കത്തെ സന്നദ്ധസേനകളായ ‘എന്റെ മുക്കം’, ‘ആശ്രയ’ വളന്റിയർമാർ, നഗരസഭാ ജീവനക്കാർ, ഹരിതകർമ സേനാംഗങ്ങൾ എന്നിവർക്കു പുറമെ നഗരസഭയിലെ പുരുഷ-വനിതാ കൗൺസിലർമാരും പ്രത്യേകം ടീമുകളായി രംഗത്തിറങ്ങി.
മൽസരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. റോയി നിർവഹിച്ചു. ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി, ഡപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ, വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാർ, നഗരസഭ സെക്രട്ടറി കൃഷ്ണഗോപാൽ, കൃഷി ഓഫീസർ ഷബീർ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.കൗൺസിലർമാരും ഹരിതകർമസേനയും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ ഒത്തുചേർന്നു.ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിലുള്ള സൗഹൃദം പുതുക്കാനുള്ള വേദിയായി ടൂർണമെന്റ് മാറി.







