Mukkam

പശ്ചാത്തലവികസന മേഖലയുടെ ഹബ്ബായി കേരളം മാറി ; മന്ത്രി പി.എ. മുഹമ്മദ് റിയാസ്

മുക്കം : പശ്ചാത്തല വികസനമേഖലയുടെ ഹബ്ബായി കേരളം മാറിയെന്നും അടിസ്ഥാനസൗകര്യവികസനത്തിൽ കഴിഞ്ഞ ഒൻപതുവർഷത്തിനിടെ വലിയ കുതിച്ചുചാട്ടമാണ് കേരളത്തിലുണ്ടായതെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മുക്കം പാലം, മുക്കം നഗരസൗന്ദര്യവത്കരണത്തിന്റെ രണ്ടാംഘട്ടം എന്നിവയുടെ പ്രവൃത്തി ഓൺലൈനായി ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷനായി. അഭിലാഷ് ജങ്ഷനിൽനിന്ന് മുക്കം മിനി പാർക്ക്‌ പരിസരത്തേക്ക് നടന്ന ഘോഷയാത്രയിൽ ഒട്ടേറെപ്പേർ പങ്കാളികളായി. റോഡ് നവീകരണത്തിന് സൗജന്യമായി സ്ഥലംവിട്ടുനൽകിയവരെ ലിന്റോ ജോസഫ് എംഎൽഎ ആദരിച്ചു.

എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കം നഗരത്തോടുചേർന്ന് 7.25 കോടിരൂപ ചെലവിലാണ് പുതിയ പാലം നിർമിക്കുന്നത്. മുക്കം നഗരസൗന്ദര്യവത്കരണത്തിന്റെ ഒന്നാംഘട്ടത്തോടനുബന്ധിച്ച് നിർമിച്ച മിനി പാർക്ക് സംരക്ഷിച്ച്, നിലവിലെ പാലം പൊളിക്കാതെയാണ് പാലത്തിന്റെ വലതുവശത്ത് പുതിയ പാലം നിർമിക്കുന്നത്. 26 മീറ്റർ നീളത്തിൽ ഒന്നരമീറ്റർ നടപ്പാതയുൾപ്പെടെ ഒൻപതുമീറ്റർ വീതിയിലാണ് പുതിയ പാലം നിർമിക്കുക. പഴയ പാലത്തിന്റെ നവീകരണപ്രവൃത്തികൾക്കും പദ്ധതിയിൽ തുക വകയിരുത്തിയിട്ടുണ്ട്. പിഎംആർ കമ്പനിക്കാണ് നിർമാണച്ചുമതല. 18 മാസമാണ് നിർമാണ കാലാവധി.

4.8 കോടിരൂപ ചെലവഴിച്ചാണ് മുക്കം നഗരസൗന്ദര്യവത്കരണത്തിന്റെ രണ്ടാംഘട്ട പ്രവൃത്തി നടത്തുന്നത്. മുക്കം നഗരസഭയുടെ ആസ്തി രജിസ്റ്ററിൽപ്പെടുന്ന എസ്‌.കെ. പാർക്കിന്റെയും തൃക്കുടമണ്ണ റോഡ്, ഓർഫനേജ് റോഡ്, മരക്കാർ ഹാജി റോഡ്, ബസ് സ്റ്റാൻഡ് റോഡ്, പുതിയ ബൈപ്പാസ് തുടങ്ങിയ നഗരത്തിലെ മുഴുവൻ റോഡുകളും പ്രവൃത്തിയുടെ ഭാഗമായി നവീകരിക്കും. കാസർകോട് സ്വദേശിയായ കരാറുകാരനാണ് നിർമാണച്ചുമതല. ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ അതുൽ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ പി.ടി. ബാബു, വൈസ് ചെയർപേഴ്സൺ കെ.പി. ചാന്ദ്നി, പ്രജിതാ പ്രദീപ്, പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയർ ഇ.ജി. വിശ്വപ്രകാശ്, കെ.ടി. ശ്രീധരൻ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button