Mukkam

മലയോരത്തെ റോഡുകളിൽ സവാരിഗിരിഗിരി; പൊട്ടിപ്പൊളിഞ്ഞ റോഡുകൾക്ക് വിട

മുക്കം : നഗരസഭയിലെ വീതികുറഞ്ഞ, പൊട്ടിപ്പൊളിഞ്ഞ റോഡുകൾക്ക് വിട! മുക്കം നഗരസഭയിലേതുൾപ്പെടെ, പിഡബ്ല്യുഡിയുടെ ഉടമസ്ഥതയിലുള്ള മലയോരമേഖലയിലെ ഒട്ടുമിക്ക റോഡുകളും ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് മാറിയതോടെ ഇനി ‘സവാരി ഗിരിഗിരി.’

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 50 കോടിയോളം രൂപയാണ് മുക്കം നഗരസഭയിലെ റോഡുവികസത്തിനായി ചെലവഴിച്ചത്. ബിഎം ആൻഡ് ബിസി നിലവാരത്തിൽ ഓവുചാലുകളും സുരക്ഷാസംവിധാനങ്ങളുമുള്ള റോഡുകളെല്ലാം അന്താരാഷ്ട്രനിലവാരത്തിലുള്ളതാണ്. മുത്തേരി-മുത്താലം റോഡ് ഒഴികെ, മുക്കം നഗരസഭയിലെ പിഡബ്ല്യുഡിയുടെ ഉടമസ്ഥതയിലുള്ള റോഡുകളെല്ലാം മാറ്റത്തിന്റെ പാതയിലാണ്. മണാശ്ശേരി-ചുള്ളിക്കാപ്പറമ്പ് റോഡ്‌ (33 കോടി), കൈയിട്ടാപ്പൊയിൽ-മാമ്പറ്റ അമ്പലക്കണ്ടി റോഡ് (ഒമ്പത്), കുറ്റിപ്പാല- ചേന്ദമംഗലൂർ റോഡ് (നാല്), മുക്കം നഗരത്തിലെ പ്രധാന റോഡുകൾ (ഏഴ്) തുടങ്ങിയവയുടെ നിർമാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. നാലരക്കോടി രൂപ ചെലവിൽ നിർമാണം പുരോഗമിക്കുന്ന മുത്തേരി-കല്ലുരുട്ടി റോഡിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്.

മുക്കം നഗരസൗന്ദര്യവത്കരണത്തിന്റെ രണ്ടാംഘട്ട പദ്ധതിയിലൂടെ 4.8 കോടി രൂപ ചെലവിൽ മുക്കം നഗരത്തിലെ മുഴുവൻ റോഡുകളും അത്യാധുനികരീതിയിൽ നവീകരികരിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ആലിൻചുവട്-മുക്കം കടവ് പാലം റോഡ്, മാർക്കറ്റ് റോഡ്, ആലിൻചുവട്- പുതിയസ്റ്റാൻഡ് റോഡ്, ബൈപ്പാസ്, തൃക്കുടമണ്ണ ക്ഷേത്രം റോഡ്‌ തുടങ്ങി നഗരമധ്യത്തിലെ എല്ലാ റോഡുകളും ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിച്ച് തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതാണ് പദ്ധതി. ആവശ്യമായ ഇടങ്ങളിൽ ഓവുചാലുകളും നിർമിക്കും. ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിക്കാൻസാധിക്കാത്ത റോഡുകൾ കൊരുപ്പുകട്ടകൾ വിരിച്ച് മികവുറ്റതാക്കുമെന്ന് ലിന്റോ ജോസഫ് എംഎൽഎ പറഞ്ഞു.

ഗതാഗതക്കുരുക്ക് പതിവായ മുക്കം-അഗസ്ത്യൻമുഴി-മാമ്പറ്റ റോഡിന്റെ ബദൽപ്പാതയായ പിസി ജങ്ഷൻ-വെസ്റ്റ് മാമ്പറ്റ ബൈപ്പാസിന്റെ നവീകരണപ്രവൃത്തിയും പുരോഗമിക്കുകയാണ്. അഞ്ചരക്കോടി രൂപ ചെലവിലാണ് രണ്ടരക്കിലോമീറ്റർ ദൈർഘ്യമുള്ള പാത നവീകരിക്കുന്നത്. നിലവിൽ അഞ്ചരമീറ്റർ വീതിയുള്ള റോഡ്‌ ബിഎം ആൻഡ് ബിസി നിലവാരത്തിൽ ഏഴുമീറ്ററാക്കി വികസിപ്പിച്ച്, ആവശ്യമായ സ്ഥലങ്ങളിൽ ഓവുചാലുകൾ ഉൾപ്പെടെ ഒരുക്കുന്നതാണ് പദ്ധതി. പദ്ധതി പൂർത്തിയാകുന്നതോടെ അഗസ്ത്യൻമുഴിയിലെ ഗതാഗതക്കുരുക്കിന് നേരിയ പരിഹാരമാകും. മുക്കത്തുനിന്ന് കോഴിക്കോട്, താമരശ്ശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് അഗസ്ത്യൻമുഴി വഴി സഞ്ചരിക്കാതെ ലക്ഷ്യസ്ഥാനത്തെത്താനാകും. അഗസ്ത്യൻമുഴി-കുന്ദമംഗലം റോഡ് 14 കോടി രൂപ ചെലവിൽ നേരത്തേ നവീകരിച്ചിരുന്നു.

Related Articles

Leave a Reply

Back to top button