മുക്കം നഗരത്തിലെ കുടിവെള്ളവിതരണം ഉടൻ പുനഃസ്ഥാപിക്കണം; മനുഷ്യാവകാശ കമ്മിഷൻ

മുക്കം : രണ്ടുവർഷത്തിലധികമായി മുക്കം നഗരത്തിലും പരിസരപ്രദേശങ്ങളിലും മുടങ്ങിക്കിടക്കുന്ന കുടിവെള്ളവിതരണം എത്രയുംപെട്ടെന്ന് പുനഃസ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മുക്കം യൂണിറ്റ് കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കുടിവെള്ളം മുടങ്ങിയതോടെ മുക്കത്തെ ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും താമസക്കാരുടെയും ദൈനംദിന ജീവിതം ദുഷ്കരമായ സാഹചര്യത്തിൽ, കുടിവെള്ളവിതരണവുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ സംവിധാനങ്ങളെയും സമീപിച്ചിട്ടും പരിഹാരമാകാത്തതിന്റെ പാശ്ചാത്തലത്തിലാണ് കെവിഇഎസ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.
മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് ആശ്വാസം നൽകുന്നതാണെന്നും കേരള വാട്ടർ അതോറിറ്റി എത്രയുംപെട്ടെന്ന് കുടിവെള്ളവിതരണം പുനഃസ്ഥാപിച്ച് വ്യാപാരികളുടെയും പൊതുജനങ്ങളുടെയും പ്രയാസങ്ങൾക്ക് പരിഹാരം കാണണമെന്നും കെവിഇഎസ് മുക്കം യൂണിറ്റ് കമ്മിറ്റി മുക്കത്ത് നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് പി. അലി അക്ബർ, ജനറൽ സെക്രട്ടറി വി.പി. അനീസ്, ട്രഷറർ ഡിറ്റോ തോമസ്, വൈസ് പ്രസിഡന്റുമാരായ ചാലിയാർ അബ്ദുസ്സലാം, സി.കെ. ഹാരിസ് ബാബു എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.







