എയ്തുവീഴ്ത്തിയത് 22 കാട്ടുപന്നികളെ

മുക്കം : കാട്ടുപന്നി ശല്യത്തെത്തുടർന്ന് ദുരിതത്തിലായ മുക്കം നഗരസഭയിലെ കർഷകർക്ക് ആശ്വാസമായി വയനാട്ടിലെ കുറിച്യർപ്പടയിലെ പിൻമുറക്കാർ. അമ്പും വില്ലും ഉപയോഗിച്ച് ആദിവാസി വിഭാഗത്തിൽപ്പെട്ട കുറിച്യരുടെ നേതൃത്വത്തിൽ നടത്തിയ കാടിളക്കിയുള്ള പകൽവേട്ടയിൽ 22 കാട്ടുപന്നികളെയാണ് ഒറ്റ ദിവസം കൊണ്ട് കൊന്നത്. കിഫയുടെ ഷൂട്ടർമാരുമായി സഹകരിച്ചായിരുന്നു വയാനാട്ടിൽ നിന്നെത്തിയ സംഘത്തിന്റെ കാട്ടുപന്നിവേട്ട.
ആദിവാസി അമ്പെയ്ത്തുകാരൻ അപ്പച്ചൻ, കിഫ (കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ) ജില്ലാ കോഡിനേറ്റർ ടെന്നി തോമസ്, കിഫ മേഖല കൺവീനർ വിനോദ് മണാശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ 56 പേർ അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പന്നിവേട്ട.
വേട്ടനായകളും പന്നിവേട്ടയിലുണ്ടായിരുന്നു. മുക്കം നഗരസഭയിലെ പൊറ്റശ്ശേരി ചെമ്പക്കാട്ട് മല, എറാമ്പ്ര പരിസരം, മുത്താലം, വട്ടോളിപ്പറമ്പ് തുടങ്ങിയ മേഖലയിലായിരുന്നു പന്നിവേട്ട. രൂക്ഷമായ കാട്ടുപന്നിശല്യത്തിൽ നടപടി ആവശ്യപ്പെട്ട് നഗരസഭയിലെ കർഷകക്കൂട്ടായ്മ സമരപാതയിലായിരുന്നു. ഏറെ ദിവസം നഗരസഭ ഓഫീസ് കവാടത്തിൽ റിലേ നിരാഹാരസത്യാഗ്രഹവും നടത്തിയിരുന്നു.







