തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിലേക്കുളള റോഡിൽ കാടുമൂടിയത് അപായഭീഷണി ഉയർത്തുന്നു

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിലേക്കുളള റോഡുകളുടെ അരികുകൾ കാടുമൂടി. വീതികുറഞ്ഞ റോഡിൽ കാടുനിറഞ്ഞത് അപായഭീഷണി ഉയർത്തുന്നു. വയലിനോടുചേർന്ന് ഉയരത്തിൽ റോഡ് പണിതത് സംരക്ഷണഭിത്തിയില്ലാതെയാണ്. വാഹനങ്ങൾ നിയന്ത്രണംവിടുന്നപക്ഷം രോഗികളെയുംകൊണ്ട് ഇരുപതടിയോളം താഴ്ചയിലേക്ക് തോട്ടിലായിരിക്കും പതിക്കുക.
വർഷകാലത്ത് കൂലംകുത്തിയൊഴുകുന്ന തോടാണിത്. ആശുപത്രിയിലേക്ക് രോഗികളെയുമായി ആംബുലൻസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് നിത്യേനയെത്തുന്നത്. മികച്ച ആതുരാലയത്തിന് ദേശീയ, സംസ്ഥാന ബഹുമതികൾ തേടിയെത്തിയെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുളള റോഡിനാണ് ഈ ദുരവസ്ഥ. താഴെ തിരുവമ്പാടി-ആശുപത്രി-വാപ്പാട്ട് റോഡിൽ നൂറ്ുമീറ്ററോളം ദൂരത്തിലാണ് ഗതാഗതഭീഷണി. ഏറെ വളവും ചരിവുമുളള വീതി നന്നേ കുറഞ്ഞ റോഡായതിനാൽ അപകടസാധ്യതയേറെയാണ്. വാപ്പാട്ട് പ്രദേശത്തെ അറുപതോളം കുടുംബങ്ങൾ ഇൗ റോഡിനെയാണ് ആശ്രയിക്കുന്നത്.
സുരക്ഷാഭിത്തി പണിയാൻ അടിയന്തര നടപടി വേണമെന്ന നാട്ടുകാരുടെ വർഷങ്ങളായുളള മുറവിളിക്ക് ഇനിയും പരിഹാരമായില്ല. ഗ്രാമപ്പഞ്ചായത്ത് അധീനതയിലുള്ള റോഡിന് മുപ്പതുവർഷത്തോളം പഴക്കമുണ്ട്. വിവിധ ഫണ്ടുകൾ ഉപയോഗിച്ച് പലപ്പോഴായി റോഡ് നവീകരണപ്രവൃത്തികൾ നടന്നെങ്കിലും സംരക്ഷണഭിത്തിനിർമാണം മാത്രം ഉണ്ടായില്ല. ഭാവിയിൽ പരിഗണിക്കാൻ ശ്രമിക്കുമെന്ന പ്രതികരണമല്ലാതെ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടാകുന്നില്ലന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
ഈ റൂട്ടിൽ അടുത്ത പദ്ധതിവർഷം കൈവരി പണിയാൻ ഗ്രാമപ്പഞ്ചായത്ത് പദ്ധതിയുണ്ടെന്ന് വാർഡംഗം കെ.എം. മുഹമ്മദലി പ്രതികരിച്ചു.







