വീട്ടമ്മമാർക്ക് സ്വയംതൊഴിൽ പരിശീലനവുമായി എൻഎസ്എസ് വൊളന്റിയർമാർ

കൊടിയത്തൂർ : വീട്ടമ്മമാർക്ക് സ്വയംതൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കൊടിയത്തൂർ പിടിഎം ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്. വീട്ടമ്മമാർക്ക് ഡിഷ് വാഷ്, ലിക്വിഡ് ഡിറ്റർജൻറ് എന്നിവയുടെ നിർമാണത്തിന് ഏകദിന പരിശീലനശില്പശാല സംഘടിപ്പിച്ചു.
ഹയർസെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീം നടപ്പാക്കുന്ന ‘അഗ്നിച്ചിറകുകൾ’ പരിപാടിയുടെ ഭാഗമായാണ് പിടിഎം പദ്ധതി നടപ്പാക്കുന്നത്. സ്കൂളിലെ ഭിന്നശേഷിക്കുട്ടികളുടെ അമ്മമാരാണ് പരിശീലനത്തിൽ പങ്കെടുത്തത്.
പ്രായോഗികപരിശീലനത്തിനുപുറമേ ഉത്‌പന്നങ്ങളുടെ ബ്രാൻഡിങ്, ലേബലിങ്, മാർക്കറ്റിങ്, എന്നിവയ്ക്കുള്ള പിന്തുണയും എൻഎസ്എസ് വൊളൻറിയർമാർ വീട്ടമ്മമാർക്കുനൽകും. പ്രിൻസിപ്പൽ എം.എസ്. ബിജു പരിപാടി ഉദ്ഘാടനംചെയ്തു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.ടി. സലീം, കെ. ജാസിറ, പി. റുക്സാന, സി.കെ. സുലൈഖ, വൊളന്റിയർമാരായ അബ്ദുൽ ഹാദി, റസ്‌ല, ഷാൻജി, ഷഹദ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വംനൽകി.







