കൊട്ടിക്കലാശത്തിന് മണിക്കൂറുകൾമാത്രം പ്രചാരണച്ചൂടുയർന്ന് മലയോരമേഖല

മുക്കം : പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾമാത്രം ബാക്കിനിൽക്കെ പ്രചാരണച്ചൂടിലാണ് മലയോരമേഖല. കഴിഞ്ഞതവണ പിടിച്ചെടുത്ത വാർഡുകൾ നിലനിർത്തിയും നഷ്ടപ്പെട്ടവ തിരിച്ചുപിടിച്ചും ഭരണം ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികൾ.
ഞായറാഴ്ച മെഗാ സ്ക്വാഡുമായി സ്ഥാനാർഥിക്കൊപ്പം വീടുകൾ കയറി വോട്ടഭ്യർഥിച്ച മുന്നണികൾ, തിങ്കളാഴ്ച സ്വകാര്യസന്ദർശനം നടത്തുന്ന തിരക്കിലായിരുന്നു.
പ്രധാനവ്യക്തികളുടെ വീടുകളിൽ കയറി സന്ദർശനം നടത്തിയ സ്ഥാനാർഥികളും പ്രവർത്തകരും വോട്ട് തങ്ങൾക്കനുകൂലമാക്കി, അടിയൊഴുക്ക് സാധ്യതകൾ ഇല്ലാതാക്കുന്ന തിരക്കിലായിരുന്നു. വോട്ടർസ്ലിപ്പ് വിതരണവും പൂർത്തിയാക്കി, കൊട്ടിക്കലാശത്തിന്റെ മുന്നൊരുക്കത്തിലേക്ക് കടന്നു.
ലോക്കൽ കമ്മിറ്റി അടിസ്ഥാനമാക്കി കേന്ദ്രങ്ങൾ നിശ്ചയിച്ചാണ് ഇടതുമുന്നണിയുടെ കൊട്ടിക്കലാശം തീരുമാനിച്ചിരിക്കുന്നത്. പ്രധാനകേന്ദ്രങ്ങളിൽ രണ്ടിലധികം സ്ഥാനാർഥികളുടെ കൊട്ടിക്കലാശം ഒരുമിച്ചുനടത്തുന്നതിനൊപ്പം വാർഡ് കേന്ദ്രങ്ങളിലും കൊട്ടിക്കലാശം നടത്തും. വാർഡ് കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചുമാത്രം കൊട്ടിക്കലാശം നടത്തി, പരമാവധി സ്ഥാനാർഥികളെ കൊട്ടിക്കലാശത്തിൽ പങ്കാളികളാക്കാനാണ് ഐക്യജനാധിപത്യ മുന്നണിയുടെ നീക്കം. സമാനമായ രീതിയിൽ മെഗാ സ്ക്വാഡ് കയറിയും വോട്ടർമാരെ നേരിട്ടുകണ്ടും വോട്ടഭ്യർഥിക്കുന്ന തിരക്കിലായിരുന്നു എൻഡിഎ പ്രവർത്തകരും സ്ഥാനാർഥികളും. സംഘർഷസാധ്യത ഒഴിവാക്കാൻ മുന്നണികൾക്ക് മുക്കം നഗരത്തിൽ പോലീസ് സ്ഥലം നിശ്ചയിച്ചുനൽകിയിട്ടുണ്ട്. അതിനൊപ്പം കർശനനിരീക്ഷണവുമുണ്ടാകും.






