Thiruvambady

സ്ഥാനാർഥിക്കുനേരേയുണ്ടായ അക്രമം; രണ്ടാളുടെപേരിൽ കേസെടുത്തു

തിരുവമ്പാടി : കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ മരഞ്ചാട്ടി വാർഡിലെ യുഡിഎഫ് സ്ഥാനാർഥി ജെയിംസ് സെബാസ്റ്റ്യൻ വേളാശ്ശേരിലിനെ അർധരാത്രി ബൈക്കിലെത്തിയ സംഘം ആക്രമിച്ചതുമായി ബന്ധപ്പെട്ട് തിരുവമ്പാടി പോലീസ് കേസെടുത്തു. കണ്ടാൽ തിരിച്ചറിയുന്ന രണ്ടാളുടെപേരിലാണ് കേസ്. മുന്നണിയോഗം കഴിഞ്ഞു വീട്ടിലേക്കുപോകവെ, കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 12 മണിയോടെ മാങ്കയത്ത് വീട്ടുപരിസരത്തുവെച്ചാണ്‌ ആക്രമണമുണ്ടായത്.

അസമയത്ത് വീട്ടുപരിസരത്ത് റോഡിൽ അപരിചിതരെ കണ്ട്‌ ആരാണെന്ന് ചോദിച്ചപ്പോൾ യാതൊരു പ്രകോപനമില്ലാതെ നീ ഞങ്ങൾക്കെതിരേ മത്സരിക്കുമോടായെന്ന് ചോദിച്ച്‌ ആക്രമിക്കുകയായിരുന്നെന്ന് ജെയിംസ് പറയുന്നു. കല്ലുകൊണ്ട് കുത്തി നെറ്റിക്കും കൈയ്ക്കും മുറിവേൽപ്പിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവാണ് ജെയിംസ്. പ്രതികളെ ഉടൻ പിടികൂടണമെന്ന് യുഡിഎഫ് കൂടരഞ്ഞി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ഹെലൻ ഫ്രാൻസിസ് അധ്യക്ഷയായി. കൺവീനർ അഡ്വ. സിബു തോട്ടത്തിൽ, സി.കെ. കാസിം, ടി.ജെ. റോയി, എൻ.ഐ. അബ്ദുൽ ജബ്ബാർ, ജോഷി കൂമ്പുങ്കൽ, ഫ്രാൻസിസ് മൂക്കിലിക്കാട്ട്, ജോർജ് തറപ്പേൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button