കോടഞ്ചേരി സർവീസ് ബാങ്കിൽ വാർഷിക പൊതുയോഗം നടത്തി

കോടഞ്ചേരി: സർവീസ് സഹകരണ ബാങ്കിന്റെ 2024- 25 സാമ്പത്തിക വർഷത്തെ ജനറൽ ബോഡി യോഗം ബാങ്ക് പ്രസിഡന്റ് ഷിബു പുതിയേടത്തിന്റെ അധ്യക്ഷതയിൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. യോഗത്തിൽ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു. ആതുര സേവന രംഗത്ത് നീണ്ട ആറു പതിറ്റാണ്ട് കാലം നൽകിയ നിസ്തുല സേവനത്തിന് കോടഞ്ചേരിയുടെ സ്വന്തം ഡോക്ടർ ഡോ. ഒ.യൂ ആഗസ്തിയെയും കോടഞ്ചേരി മലയോര മേഖലയിലെ ആദ്യകാല കുടിയേറ്റ കർഷകനായ വി. ഡി വർഗീസ് വടക്കേൽ, മുതിർന്ന ആദ്യകാല എ ക്ലാസ്സ് മെമ്പർമാരായ ടി ഡി ദേവസ്യ തെങ്ങും തോട്ടത്തിൽ, ലീലാമ്മ ചാക്കോ പിണക്കാട്ട്, എന്നിവരെയും കലാകായിക രംഗത്തെ മികച്ച നേട്ടത്തിന് ഉടമയും സഹകരണ ബാങ്ക് ബാലസഭയായ മഞ്ചാടി ബാലസഭ അംഗവും വിദ്യാർത്ഥിയുമായ ശ്യാം പ്രകാശിനെയും യോഗം ആദരിച്ചു.
ബാങ്ക് വൈസ് പ്രസിഡണ്ട് പി. പി ജോയ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ബാങ്കിന്റെ വാർഷിക റിപ്പോർട്ട് സെക്രട്ടറി വിപിൻ ലാൽ അവതരിപ്പിച്ചു. ഡയറക്ടർമാരായ ഷിജി ആന്റണി, ജോൺ ടി. ജെ താഴ്ത്തുവീട്ടിൽ, ജോസ് കുന്നത്ത്, ബാബു പി.പി, പി. പി കുര്യൻ, റസീന സുബൈർ, സെലിൻ ബോബ് എന്നിവർ യോഗത്തിൽ സന്നിദ്ധരായി. ഡയറക്ടർ ശോഭന ചാണ്ടി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.






