ലഹരിക്കെതിരെ വിളംബര ജാഥയും സമൂഹ ജാഗ്രതാ ജ്യോതിയും സംഘടിപ്പിച്ചു

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് ധാര 2K25 ന്റെ ഭാഗമായി നെല്ലിപ്പൊയിൽ അങ്ങാടിയിൽ ലഹരിക്കെതിരെയുള്ള വിളംബര ജാഥയും സമൂഹ ജാഗ്രതാ ജ്യോതിയും സംഘടിപ്പിച്ചു.
സെന്റ് ജോൺസ് ഹൈസ്കൂൾ, നെല്ലിപ്പൊയിൽ, കവാടത്തിനു മുന്നിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് ആരംഭിച്ച ജാഥയിൽ എൻ.എസ്.എസ് വളണ്ടിയർമാരും വിശിഷ്ടാതിഥികളും സജീവമായി പങ്കെടുത്തു.
തുടർന്ന് നെല്ലിപ്പൊയിൽ അങ്ങാടിയിൽ നടന്ന പൊതുയോഗം സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് സിനി ബാബുഅധ്യക്ഷത വഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ വിൽസൺ തറപ്പേൽ യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങിന്റെ ഭാഗമായി വിശിഷ്ടാതിഥികൾ ലഹരിക്കെതിരെയുള്ള വിവിധ സന്ദേശങ്ങൾ ക്യാൻവാസിൽ രേഖപ്പെടുത്തി. നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂൾ മാനേജർ റവ. ഫാ. ജോർജ് കറുകമാലിൽ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ വിൻസന്റ് വടക്കേമുറി, ഏഴാം വാർഡ് മെമ്പർ ശിവദാസൻ, സെന്റ് ജോൺസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ, നെല്ലിപ്പൊയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് തോമസ് മൂലേപ്പറമ്പിൽ, വൈസ് പ്രസിഡന്റ് പോൾസൺ അറയ്ക്കൽ, സെന്റ് ജോൺസ് ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് സാബു അവന്നൂർ, രക്ഷാകർതൃ പ്രതിനിധി സണ്ണി പനന്താനത്ത്,സാബു മനയിൽ എന്നിവർ പ്രസംഗിച്ചു
പൊതു ചടങ്ങിന് ശേഷം വിദ്യാർത്ഥികൾ ലഹരിക്കെതിരെയുള്ള ഫ്ലാഷ് മോബ് അവതരിപ്പിച്ചു. തുടർന്ന് സ്കൂൾ മാനേജർ റവ. ഫാ. ജോർജ് കറുകമാലിൽ ലഹരിക്കെതിരെയുള്ള സമൂഹ ജാഗ്രതാ ജ്യോതിയുടെ ഭാഗമായി എൻ.എസ്.എസ് വളണ്ടിയർമാർക്ക് മെഴുകുതിരി വെളിച്ചം പകർന്നുനൽകി. തുടർന്ന് എൻ.എസ്.എസ് വളണ്ടിയർ മുഹമ്മദ് ഹാബിൽ എല്ലാവർക്കുമായി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വിദ്യാർത്ഥികൾ കാഴ്ചവച്ച മാതൃകാപരമായ പ്രവർത്തനങ്ങളെ പൊതുസമൂഹം അഭിനന്ദിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബിൻസി കെ. ജെ, വളണ്ടിയർ ലീഡേഴ്സ്, അധ്യാപക–അനധ്യാപക ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.







