Koodaranji
കക്കാടംപൊയിലിൽ പുലി; പശുക്കിടാവിനെ കൊന്നു

കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലിൽ പുലി പശുക്കിടാവിനെ കടിച്ചുകൊന്നു. കള്ളിപ്പാറ കരിമ്പ് കളപ്പുരക്കൽ ജോർജിന്റെ വീട്ടിലെ ഏതാണ്ട് ഒരുവയസ്സുള്ള പശുക്കിടാവിനെയാണ് രാത്രി പുലി കടിച്ചുകൊന്നത്. പുലി കടിച്ചുകൊല്ലുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അഞ്ച് കുടുംബം താമസിക്കുന്നുണ്ടിവിടെ. വനപാലകരെത്തി ക്യാമറസ്ഥാപിച്ചിട്ടുണ്ട്.
വനംവകുപ്പ് താമരശ്ശേരി റെയ്ഞ്ചിനുകീഴിലുള്ള പീടികപ്പാറ സെക്‌ഷന്റെ അധീനതയിലുള്ള പ്രദേശമാണിത്. പുലിയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കാട്ടാനശല്യത്തിനുപുറമേ പുലിസാന്നിധ്യം നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്. മലയോരമേഖലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രംകൂടിയാണ് കക്കാടംപൊയിൽ. പുലിയെ പിടികൂടാൻ ആർആർടി നിരീക്ഷണം ഊർജിതപ്പെടുത്തണമെന്നും കൂടുതൽ ക്യാമറകളും കൂടുകളും സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.







