Thiruvambady

പന്നിഫാമിലെ മാലിന്യക്കുഴി ഇടിഞ്ഞ്‌ ജലസ്രോതസ്സുകളിലേക്ക് ഒഴുകി

തിരുവമ്പാടി : പന്നിഫാമിലെ മാലിന്യക്കുഴി ഇടിഞ്ഞ്‌ മലിനജലം തോട്ടിലേക്ക് ഒഴുകിയതിനെ ത്തുടർന്ന് ഉടമയ്ക്ക് ഗ്രാമപ്പഞ്ചായത്ത് എൻഫോഴ്‌സ്‌മെന്റ് ടീം 20,000 രൂപ പിഴ ചുമത്തി. തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ മേലെ പൊന്നാങ്കയത്ത് കോഴിപ്പുറത്ത് ബെന്നി തോമസിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിന്റെ മാലിന്യക്കുഴിയുടെ അടിഭാഗമാണ് ഇടിഞ്ഞുതാണ് മലിനജലം ജലസ്രോതസ്സുകളിലേക്ക് പരന്നൊഴുകിയത്.

നൂറ് കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന ജലസ്രോതസ്സാണ് വൃത്തിഹീനമായത്. ഇരുവഴിഞ്ഞിപ്പുഴിയിലേക്കൊഴുകുന്ന തോടാണിത്. തോട്ടിൽ ഒട്ടേറെ മത്സ്യങ്ങൾ ചത്തൊടുങ്ങിയതായി നാട്ടുകാർ പറഞ്ഞു. മാലിന്യക്കുഴിയുടെ അടിഭാഗത്ത് കുഴി രൂപപ്പെട്ട് മലിനജലം 60 മീറ്റർ അകലെ പറമ്പിൽ പരന്നൊഴുകി തോട്ടിലേക്ക് ഒഴുകിയതായി ആരോഗ്യവകുപ്പ് പരിശോധനയിൽ കണ്ടെത്തി.

എൻഫോഴ്‌സ്‌മെന്റ് ടീം അംഗങ്ങളായ ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ഗ്രാമപ്പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് സി. എം. റീന, എച്ച്‌ഐ എസ്. എം. അയന, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് മുസ്തഫ ഖാൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ആരോഗ്യവകുപ്പ് നേരത്തേ നൽകിയ നിർദേശത്തെത്തുടർന്ന് ശാസ്ത്രീയ രീതിയിലുള്ള മാലിന്യ സംസ്കരണ യൂണിറ്റിന്റെ നിർമാണം നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

മലിനജലം പുറത്തേക്ക് ഒഴുകുന്നത് തടയാൻ ഉടമയ്ക്ക് കർശന നിർദേശം നൽകിയതായി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എസ്. ശരത് ലാൽ അറിയിച്ചു. പരിസരത്തുള്ളവർ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും ജലസ്രോതസ്സുകൾ ക്ലോറിനേഷൻ നടത്തണമെന്നും കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയ അറിയിച്ചു.

Related Articles

Leave a Reply

Back to top button