അധ്യാപക സമരം; മണാശ്ശേരി കെ.എം.സി.ടി കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു

മുക്കം: മണാശ്ശേരി കെ.എം.സി.ടി ആർട്‌സ് & സയൻസ് കോളേജ് മുന്നറിയിപ്പില്ലാതെ അനിശ്ചിത കാലത്തേക്ക് അടച്ചു. രാവിലെ കോളജിലെത്തിയപ്പോൾ സ്ഥാപനം അടച്ചിട്ട നിലയിലാണുണ്ടായിരുന്നത്. വിദ്യാർത്ഥി സമരത്തെ തുടർന്ന് ഇന്ന് നടക്കേണ്ടിയിരുന്ന പി.ടി.എ യോഗവും മുടങ്ങി. വിദ്യാർത്ഥി സമരത്തിനു പിന്നാലെ അധ്യാപകരും മാനേജ്‌മെന്റിനെതിരെ പ്രത്യക്ഷ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാനേജ്‌മെന്റ് നടപടി. മനേജ്‌മെന്റ് നടപടിക്കെതിരെ പ്രതിഷേധവുമായി രക്ഷിതാക്കളും വിദ്യാർത്ഥികളും രംഗത്തെത്തിയിട്ടുണ്ട്.
ശമ്പള വർധനവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് 15 ദിവസമായി കെ.എം.സി.ടിയിലെ അധ്യാപകർ സമരത്തിലായിരുന്നു. സമരം തുടരുമ്പോഴും അധ്യാപകർ ക്ലാസെടുക്കുന്നത് തുടർന്നിരുന്നു. കോളേജിൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതടക്കം ചൂണ്ടികാട്ടി കഴിഞ്ഞ ദിവസം വിദ്യാർഥികളും അധ്യാപകരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെയാണ് കോളേജ് പൂർണമായും അടച്ചിടാൻ മാനേജ്‌മെന്റ് തീരുമാനിച്ചത്.







