Mukkam

കോവിഡ് ഭീതിക്കിടയിൽ മുക്കത്തും പരിസരപ്രദേശങ്ങളിലും ബ്ലാക്ക്മാൻ ഭീതിപരത്തി വാട്സാപ്പിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചയാൾ മുക്കം പോലീസിന്റെ പിടിയിലായി

മുക്കം: മുക്കം മുനിസിപ്പാലിറ്റിയിലെ നീലേശ്വരം,മുത്തേരി, മണാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ ബ്ലാക്ക്മാൻ ഇറങ്ങിയെന്നും ബ്ലാക്ക്മാനെ പിടികൂടിയിട്ടുണ്ടെന്നും മറ്റും വ്യാജ സന്ദേശം പ്രചരിപ്പിച്ച മുത്തേരി സ്വദേശി രാഗേഷ് (34) നെയാണ് മുക്കം ഇൻസ്‌പെക്ടർ ബി.കെ.സിജുവിന്റെ നേതൃത്വത്തിൽ മുക്കം പോലീസ് സൈബർവിംഗ് പിടികൂടിയത്.

ഇന്നലെ രാത്രി 11 മണിയോടുകൂടി ബ്ലാക്ക്മാൻ ഇറങ്ങിയിട്ടുണ്ടെന്നും മുത്തേരി ഭാഗത്തെ ഒരു വീട്ടിൽ കയറിയിട്ടുണ്ടെന്നും നാട്ടുകാരും മുക്കം പോലീസും ചേർന്ന് ഇയാളെ പിടികൂടിയെന്നുമാണ് ഇയാൾ സ്വന്തം ശബ്ദ സന്ദേശം വ്യാജമായി പ്രചരിപ്പിച്ചത്.

വാർത്ത നാട്ടിലെ വിവിധ ഗ്രൂപ്പിൽ പ്രചരിച്ചതോടെ പ്രദേശത്തേക്ക് ആളുകൾ ഒഴുകിയെത്താൻ തുടങ്ങി. തുടർന്ന് മുക്കം പോലീസ് സ്ഥലത്തെത്തി വാർത്ത വ്യാജമാണെന്ന് സ്ഥിതീകരിക്കുകയും ജനങ്ങളെ പ്രദേശത്തു നിന്നും പിന്തിരിപ്പിക്കുകയുമായിരുന്നു.

ഉടൻ തന്നെ അന്വേഷണം ആരംഭിച്ച പോലീസ് ഇയാളുടെ സന്ദേശം പ്രചരിച്ച ഗ്രൂപ്പുകളിൽ നിന്നും വ്യാജ സന്ദേശത്തിന്റെ ഉറവിടം മനസ്സിലാക്കുകയും ഇന്നുരാവിലെ പ്രതിയായ രാഗേഷിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പ്രദേശത്തെ നാട്ടുകാർക്കിടയിൽ സൽസ്വഭാവിയായ പ്രതി രാത്രി കാലങ്ങളിൽ ഇത്തരം വ്യാജ സന്ദേശം പ്രചരിപ്പിച്ചു സ്വയം സന്തോഷിക്കുന്ന സൈക്കോ മനസ്സിന്റെ ഉടമയാണ്. വ്യാജ സന്ദേശം റെക്കോർഡ് ചെയ്തു ഗ്രൂപ്പിൽ ഇട്ടു സ്ഥിരമായി ഇയാളുടെ മെസ്സേജുകൾ പ്രചരിപ്പിക്കുന്ന ചിലർക്ക് അയച്ചു കൊടുക്കുകയും മിനിറ്റുകൾക്കുള്ളിൽ തന്നെ സന്ദേശം ഡിലീറ്റ് ചെയ്തു സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താതെയിരിക്കുന്നതിനുള്ള ശ്രമം നടത്തുകയും ചെയ്തെങ്കിലും മുക്കം പൊലീസ് ഡിലീറ്റ് ചെയ്ത സന്ദേശം റിക്കവർ ചെയ്തെടുക്കുകയായിരുന്നു.

ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും ഇയാളുടെ വ്യാജ സന്ദേശം പ്രചരിപ്പിച്ച ആളുകളെയും ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും അതുതടയുന്നതിന് വേണ്ട നടപടി സ്വീകരിക്കാത്ത വാട്സാപ്പ് ഗ്രൂപ്പ്‌ അഡ്‌മിനെയും പോലീസ് പോലീസ് തിരയുന്നുണ്ട്. ഇവരെയും പിടികൂടി നിയമനടപടികൾ സ്വീകരിക്കുമെന്നും കോവിഡ് കാലഘട്ടത്തിൽ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന ഇത്തരം സന്ദേശം പ്രചരിപ്പിച്ച പ്രതിക്കെതിരെ കേരള പോലീസ് ആക്ട് 118(b) പ്രകാരം മൂന്നു വർഷം വരെ തടവും പതിനായിരം രൂപവരെ പിഴയും ലഭിക്കുന്ന കുറ്റവും കൂടാതെ ഐടി ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് മുക്കം ഇൻസ്‌പെക്ടർ അറിയിച്ചു.

മുക്കം ഇൻസ്‌പെക്ടർ ബി.കെ. സിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ഷാജിദ്. കെ, എ.എസ്.ഐ സലീം മുട്ടത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ ലിനേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഷെഫീഖ് നീലിയാനിക്കൽ, അനൂപ് തറോൽ, അരുൺ. എം തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്

Related Articles

Leave a Reply

Back to top button