Mukkam

സംസ്ഥാനപാതയോരത്തെ അനധികൃത വ്യാപാരം; അംഗീകൃത വ്യാപാരികൾ ദുരിതത്തിൽ

മുക്കം : എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയോരത്തെ അനധികൃത കച്ചവടസ്ഥാപനങ്ങളിൽ കച്ചവടം പൊടിപൊടിക്കുമ്പോൾ, അംഗീകൃതവ്യാപാരികൾ ദുരിതത്തിൽ. മാസത്തിൽ ഭീമമായതുക വാടകയും നികുതിയുംനൽകി പ്രവർത്തിക്കുന്ന നൂറുകണക്കിനു വ്യാപാരികളാണ് ദുരിതം സഹിക്കുന്നത്. വ്യാപാരമേഖല വലിയ സാമ്പത്തികപ്രതിസന്ധി നേരിടുമ്പോഴാണ് അനധികൃത വ്യാപാരകേന്ദ്രങ്ങൾ വ്യാപകമാകുന്നത്. മുക്കം നഗരസഭയിൽ 72 തെരുവുകച്ചവടക്കാരാണ് അനുമതിക്കായി അപേക്ഷ നൽകിയിരിക്കുന്നത്. അപേക്ഷ നൽകാതെ, റോഡരികിൽ കച്ചവടം നടത്തുന്നവർ ഇതിന്റെ ഇരട്ടിയോളം വരുമെന്നാണ് കണക്കാക്കുന്നത്.

സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി ചിലയിടങ്ങളിൽ റോഡരികിൽ വാഹനങ്ങൾ പാർക്കുചെയ്യുന്നതിനുൾപ്പെടെ കൊരുപ്പുകട്ടകൾ സ്ഥാപിച്ചിട്ടുണ്ട്. മനോരഹമായി നിർമിച്ചിരിക്കുന്ന ഈ സ്ഥലങ്ങൾ കയ്യേറിയാണ് അനധികൃത കച്ചവടങ്ങൾ നടത്തുന്നത്. മുക്കം അഗ്നിരക്ഷാനിലയത്തിന് സമീപത്തെ ബ്രിട്ടീഷ് പാലത്തിനടുത്തുമാത്രം ആറ്‌്‌ അനധികൃത വ്യാപാരകേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. റോഡരികിൽ ഷെഡ് കെട്ടിയും തട്ടുകൾനിർമിച്ചും കേടായ ഓട്ടോറിക്ഷയിലുമാണ് കച്ചവടം പൊടിപൊടിക്കുന്നത്. ഇതു ചില്ലറവ്യാപാരികൾക്കു വലിയ ഭീഷണിയാണെന്ന് വ്യാപാരിനേതാക്കൾ പറയുന്നു. അനധികൃത വ്യാപാരികളോട് ഇതുസംബന്ധിച്ച കാര്യം തിരക്കിയപ്പോൾ ഭീഷണിപ്പെടുത്തുന്ന സമീപനമാണ് ഉണ്ടായതെന്നും വ്യാപാരികൾ പറയുന്നു.

പച്ചക്കറി, പഴവർഗങ്ങൾ, ചട്ടികൾ, പാത്രങ്ങൾ തുടങ്ങിയവയെല്ലാം യഥേഷ്ടം റോഡരികിൽ ലഭ്യമാണ്. പ്രതിമാസം അയ്യായിരം മുതൽ പതിനയ്യായിരം രൂപവരെ വാടക നൽകിയാണ് മുക്കത്തെ ഒട്ടുമിക്ക ചെറുകിട കച്ചവടസ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. മുക്കം നഗരത്തിലെ വഴിയോര കച്ചവടക്കാർക്ക് മൂന്നുവർഷംമുൻപ് നഗരസഭ ഐഡൻറിറ്റി കാർഡ് നൽകിയിരുന്നു. മൂന്നുവർഷമായിരുന്നു കാർഡിന്റെ കാലാവധി. കാലാവധി കഴിഞ്ഞമുറയ്ക്ക് മൂന്നുമാസംകൂടി അനുമതി നീട്ടിനൽകുകയായിരുന്നു. എന്നാൽ ഇതിനിടയിലാണ് അനുമതിതേടി കൂടുതൽ വ്യാപാരികൾ രംഗത്തെത്തിയതെന്ന് നഗരസഭാ ചെയർമാൻ പി.ടി. ബാബു പറഞ്ഞു.

എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കം നഗരത്തിൽ അനധികൃതമായി ഫ്രൂട്ട്സ് കച്ചവടംനടത്തിയ രണ്ട് ഗുഡ്സ് ഓട്ടോകൾ നഗരസഭാ അധികൃതർ പിടികൂടിയിരുന്നു. ഗതാഗത തടസ്സത്തിനു കാരണമാകുംവിധം റോഡരികിൽ നിർത്തിയിട്ട് വ്യാപാരം നടത്തിയതിനെ തുടർന്നായിരുന്നു നടപടി. പിടികൂടി നഗരസഭാ കാര്യാലയത്തിലെത്തിച്ച വാഹനം പിഴചുമത്തി വിട്ടുനൽകുകയായിരുന്നു. സമാനമായരീതിയിൽ അധികൃതർ നടപടി കർശനമാക്കിയാൽ പ്രശ്നത്തിന് പരിഹാരമാകുമെന്നു വ്യാപാരികൾ പറയുന്നു.

Related Articles

Leave a Reply

Back to top button