India

വധശിക്ഷയല്ലാതെ ലൈംഗിക പീഡനവും വിധിച്ചിരുന്നോ? ജയിലിൽ വെച്ച് ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയായെന്ന് നിർഭയ കേസിലെ പ്രതി

ന്യൂഡൽഹി: നിർഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതി മുകേഷ് സിങ് താൻ ജയിലിൽ വെച്ച് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിച്ചു. രാഷ്ട്രപതി ദയാഹർജി തള്ളിയതിനെതിരെ മുകേഷ് സിങ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലാണ് ഗുരുതരമായ ആരോപണമുള്ളത്. ഹർജിയിൽ കോടതി ബുധനാഴ്ച വിധി പറയും.

ദയാഹർജിക്കൊപ്പം നൽകിയ മുഴുവൻ രേഖകളും രാഷ്ട്രപതിക്ക് അയച്ചിട്ടില്ലെന്നും ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ഏകപക്ഷീയമാണെന്നുമാണ് മുകേഷ് സിങിന്റെ ആരോപണം. മുകേഷ് സിങിന് ജയിലിൽ അതിക്രൂരമായ ലൈംഗിക പീഡനം നേരിടേണ്ടിവന്നെന്നും ഹർജിയിൽ പറയുന്നു. വധശിക്ഷ മാത്രമാണ് കോടതി തനിക്ക് വിധിച്ചതെന്നും എന്നാൽ തന്നെ ലൈംഗികമായി പീഡിപ്പിക്കാനും വിധിച്ചിരുന്നോ എന്നും ഇയാൾ ഹർജിയിൽ ചോദിച്ചു.

ഇതോടൊപ്പെ നിർഭയ കേസിലെ പ്രതികളിൽ ഒരാളായ രാംസിങിന്റെ മരണം കൊലപാതകമാണെന്നും എന്നാൽ ഇത് ആത്മഹത്യയാക്കി ജയിലധികൃതർ ചിത്രീകരിക്കുകയായിരുന്നെന്നും മുകേഷ് സിങിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ പ്രതി ഉന്നയിച്ച വാദങ്ങൾ ഒരിക്കലും ദയാഹർജി അംഗീകരിക്കുന്നതിന് അടിസ്ഥാനമാക്കാനാകില്ലെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത്തയുടെ വാദം.

ജയിലിൽ ഉപദ്രവം നേരിട്ടെന്നത് സത്യമായാലും അത് ഒരിക്കലും ശിക്ഷ ഒഴിവാക്കാനുള്ള കാരണമായി കണക്കാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതി നൽകിയതും കേസുമായി ബന്ധപ്പെട്ടതുമായ എല്ലാ രേഖകളും രാഷ്ട്രപതിക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എ.എസ്. ഭൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജിയിൽ വാദം കേട്ടത്.

മുകേഷ് സിങ്, പവൻ ഗുപ്ത, വിനയ്കുമാർ ശർമ, അക്ഷയ്കുമാർ എന്നീ പ്രതികളെ ഫെബ്രുവരി ഒന്നിനാണ് വധശിക്ഷയ്ക്ക് വിധേയരാക്കുക.

Related Articles

Leave a Reply

Back to top button