ആനക്കാംപൊയിൽ മരിയൻ സ്കൂളിൽ നാഷണൽ സയൻസ് ഡേയോടനുബന്ധിച്ച് ശാസ്ത്രമേള സംഘടിപ്പിച്ചു

ആനക്കാംപൊയിൽ:
മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നാഷണൽ സയൻസ് ഡേയോടനുബന്ധിച്ച് ഫെബ്രുവരി 21ന് ശാസ്ത്രമേള സംഘടിപ്പിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മനോജ് വാഴപ്പറമ്പിൽ റോബോട്ടിനെ ഉപയോഗിച്ച് ശാസ്ത്രമേളയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
തദവസരത്തിൽ ആനക്കാംപൊയിൽ വികാരി അഗസ്റ്റിൻ പാറ്റാനിയിൽ ഹൈഡ്രജൻ ബലൂൺ ആകാശത്തിലേക്ക് പറത്തി, കുട്ടികളുടെ സ്വപ്നങ്ങളും അറിവുകളും അനന്ത വിഹായസ്സുകളിലേക്ക് ഉയരട്ടെയെന്ന സന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പൽ എയ്റോപ്ലെയിൻ പറത്തി ചടങ്ങുകൾക്ക് പ്രൗഢി നൽകി.
പി.ടി.എ പ്രസിഡണ്ട് ശ്രീ. ജിമ്മി ചാക്കോ, വൈസ് പ്രസിഡണ്ട് ശ്രീമതി ഡോണിയ പ്രമോദ് എന്നിവർ ആശംസകൾ അർപ്പിച്ചു. റോക്കറ്റ് വിക്ഷേപണം, ആനക്കാംപൊയിൽ തുരങ്കപാത, ഇടുക്കി ജലവൈദ്യുത പദ്ധതി, നിത്യഹരിത നോവലിലെ കഥാപാത്രങ്ങൾ എന്നിവ ശാസ്ത്രമേളയിലെ ദൃശ്യവിസ്മയത്തിന് മാറ്റുകൂട്ടി.
അതിഥികളെ റോബോട്ട് നമസ്കാരം പറഞ്ഞു സ്വീകരിച്ചതും ശ്രദ്ധേയമായി. വിദ്യാർത്ഥികൾ സ്വന്തം സൃഷ്ടിപരമായ കഴിവുകൾ ഉപയോഗിച്ച് നിർമ്മിച്ച ശാസ്ത്രീയ മോഡലുകൾ കാണികളിൽ വലിയ കൗതുകം ഉണർത്തി. കുട്ടികളെ ത്രിമാന കാഴ്ചയിലേക്കെത്തിച്ച വെർച്വൽ റിയാലിറ്റി ഷോയും ശ്രദ്ധാകേന്ദ്രമായി.
പട്ടാളക്കാരായും ചിത്രശലഭങ്ങളായും വേഷമണിഞ്ഞ വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ പാറിപ്പറന്നത് ശാസ്ത്രമേളയ്ക്ക് നിറവും ആവേശവും പകർന്നു.
.







