Adivaram

ചുരം ബൈപ്പാസ് യാഥാർഥ്യമാക്കാൻ ഇടപെടൽ നടത്തുമെന്ന് പ്രിയങ്കാഗാന്ധി

അടിവാരം : താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിനുള്ള പരിഹാരമാർഗങ്ങളിലൊന്നായ നിർദിഷ്ട ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ (ചുരം ബൈപ്പാസ്) റോഡ് യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ ത്വരപ്പെടുത്താൻ ഇടപെടുമെന്ന് വയനാട് എം.പി. പ്രിയങ്കാഗാന്ധി.നിർദിഷ്ട ചുരം ബൈപ്പാസ് കടന്നുപോവുന്ന മേലേ മരുതിലാവ് പ്രദേശത്ത് വെള്ളിയാഴ്ച വൈകീട്ട് സന്ദർശനംനടത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.

ചുരം ബൈപ്പാസ് റോഡ് ഉൾപ്പെട്ട മലാപ്പറമ്പ്-മുത്തങ്ങ നാലുവരിപ്പാതയുടെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതലഗതാഗത വകുപ്പുമന്ത്രി നിധിൻ ഗഡ്കരിയുമായി നേരത്തേ ചർച്ചനടത്തിയതായി പ്രിയങ്കാഗാന്ധി അറിയിച്ചു.മേലേ മരുതിലാവിൽ എത്തിയ എം.പി. ദേശീയപാത, വനംവകുപ്പ് ഉദ്യോഗസ്ഥരോടും, ചുരം ബൈപ്പാസ് ആക്‌ഷൻ കമ്മിറ്റി ഭാരവാഹികളോടും നിർദിഷ്ട ചുരം ബൈപ്പാസ് റോഡിന്റെ സാധ്യതകളും സ്ഥിതിഗതികളും ചോദിച്ചറിഞ്ഞു.റീ ടെൻഡർ നടപടി പൂർത്തിയാവുന്നമുറയ്ക്ക് തുടർനടപടികൾ വേഗത്തിലാക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദംചെലുത്തുമെന്ന് അവർ അറിയിച്ചു.

ടി.സിദ്ദിഖ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.കെ. ഹുസൈൻകുട്ടി, ഡെപ്യൂട്ടി കളക്ടർ എം. രേഖ, ജില്ലാ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ യു. ആഷിഖ് അലി, അംബിക മംഗലത്ത്, അന്നക്കുട്ടി ദേവസ്യ, അലക്‌സ് തോമസ്, നജ്മുന്നീസ ഷെരീഫ്, രാജേഷ് ജോസ്, ടി.ആർ.ഒ കുട്ടൻ, കെ.വി.സുജീഷ്, എ.ഇ എം.സലീം, കെ. വിനയരാജ്, വയനാട് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി തുടങ്ങിയ ഒട്ടേറെപ്പേർ സന്നിഹിതരായി.

Related Articles

Leave a Reply

Back to top button