ചാലിയാർതീരത്ത് വിനോദസഞ്ചാരകേന്ദ്രം ; നടപടികൾ പുരോഗമിക്കുന്നു

കൊടിയത്തൂർ : ചാലിയാർ തീരം വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നു. പുഴയും തീരവും തീരത്തോടുചേർന്ന വനഭൂമിയും ഉൾപ്പെടുന്ന പ്രദേശത്തെ വിനോദസഞ്ചാരകേന്ദ്രമാക്കാനാണ് കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുന്നത്. ഇതിന്റെഭാഗമായി കഴിഞ്ഞദിവസം വനംവകുപ്പ് പീടികപ്പാറ സെക്‌ഷൻ ഓഫീസർ കെ.കെ. സജികുമാർ സ്ഥലം സന്ദർശിച്ചു. അദ്ദേഹം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ പ്രേംഷമീർ ചാലിയാർതീരത്ത് പരിശോധന നടത്തി. ഗ്രാമപ്പഞ്ചായത്ത് അധികൃതർക്കൊപ്പമായിരുന്നു പരിശോധന. വനഭൂമി തരംമാറ്റുകയോ മരങ്ങൾ മുറിച്ചുമാറ്റുകയോ ചെയ്യാതെ പ്രകൃതിസൗഹൃദമായ ടൂറിസം പദ്ധതിയാണ് ലക്ഷ്യമെന്ന് റെയ്ഞ്ച് ഓഫീസർ പറഞ്ഞു. പൊതുജനങ്ങളെ വനഭൂമി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും പദ്ധതിയുടെ ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ചെറുവാടി കടവിൽ ചാലിയാറിനോട് ചേർന്ന് നിൽക്കുന്ന ഒരേക്കറോളം വനഭൂമിയും സമീപത്തെ പുറമ്പോക്കുഭൂമിയും പ്രയോജനപ്പെടുത്തിയാണ് പദ്ധതിക്കായി ശ്രമിക്കുന്നത്. വാർഡ് മെമ്പർ എസ്.എ. നാസർ ഡി.എഫ്.ഒ.യുമായി വിഷയം സംസാരിക്കുകയും ഡി.എഫ്.ഒ. സ്ഥലം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സെക്‌ഷൻ ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. വയോജനങ്ങൾക്കും കുട്ടികൾക്കുമുൾപ്പെടെ പ്രയോജനപ്രദമായൊരു പാർക്കാണ് ഉദ്ദേശിക്കുന്നത്. നിലവിൽ വർഷംതോറും വളരെ വിപുലമായ കലാ-സാംസ്കാരിക പരിപാടികളും ഓഫ് റോഡ് ചലഞ്ചും ഉൾപ്പെടെയുള്ള ചാലിയാർ ജലോത്സവം നടക്കുന്ന പ്രദേശമാണിത്. ജലോത്സവത്തിൽ ആയിരങ്ങളാണ് പങ്കെടുക്കുന്നത്. രാവിലെയും വൈകുന്നേരങ്ങളിലും ഒട്ടേറെയാളുകൾ പുഴയുടെ തീരങ്ങളിൽ പ്രകൃതിഭംഗിയും പുഴയുടെ കുളിരും ആസ്വദിക്കാനെത്തുന്ന പതിവുമുണ്ട്.
പദ്ധതി യാഥാർഥ്യമായാൽ കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിൽ വിനോദസഞ്ചാരമേഖലയ്ക്ക് പുത്തൻ ഉണർവായി മാറും. സമീപപ്രദേശത്തിന്റേതടക്കം വലിയ വികസനത്തിനും നിലവിലുണ്ടാവുന്ന സമൂഹവിരുദ്ധശല്യം ഒഴിവാക്കാനും ഉപകരിക്കും. വനംവകുപ്പ് റെയ്ഞ്ച് ഓഫീസർക്കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത, വൈസ് പ്രസിഡന്റ് സുജ ടോം, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ കസ്ന ഹമീദ്, പഞ്ചായത്ത് അംഗങ്ങളായ എസ്.എ. നാസർ, കെ.വി. നിയാസ്, മുഹമ്മദ് യൂസഫ്, പഞ്ചായത്ത് സെക്രട്ടറി ഒ.എ. അൻസു, കെ.വി. അബ്ദുസലാം, കണ്ണൻ ചെറുവാടി എന്നിവരും പങ്കെടുത്തു.






