കാരുണ്യ ചികിത്സ: മന്ത്രിയുടെ പ്രഖ്യാപനം പാഴായി; രോഗികളുടെ പോക്കറ്റ് കാലി

കോഴിക്കോട്∙ കാരുണ്യ ബനവലന്റ് ഫണ്ട് സഹായം നീട്ടുമെന്ന പ്രഖ്യാപനം പ്രസ്താവനയിൽ ഒതുങ്ങിയതോടെ, സൗജന്യചികിത്സ പ്രതീക്ഷിച്ച് ആശുപത്രികളിലെത്തിയ നൂറുകണക്കിനു രോഗികളുടെ പോക്കറ്റ് കാലിയായി. നികുതി വകുപ്പിന്റെ വ്യക്തമായ ഉത്തരവില്ലാതെ ഇളവുകൾ നൽകാൻ കഴിയില്ലെന്ന് ആശുപത്രികൾ നിലപാടെടുത്തതോടെ എല്ലാവർക്കും ചികിത്സയ്ക്കും മരുന്നിനും മുഴുവൻ പണവും അടയ്ക്കേണ്ടി വന്നു. സൗജന്യ ഡയാലിസിസിനു വിധേയരായിരുന്നവർ ഇന്നലെ 700 രൂപയോളം മുടക്കേണ്ടി വന്നു. പരാതിയുമായി സമീപിച്ചപ്പോൾ കാരുണ്യ ബനവലന്റ് ഫണ്ട് അധികൃതരും കയ്യൊഴിഞ്ഞു. പരാതിക്കാരുടെ ഫോൺനമ്പറും രേഖകളും ശേഖരിക്കുക മാത്രമാണ് അവർ ചെയ്തത്.
‘എല്ലാം ശരിയാക്കിയിട്ടുണ്ടെ’ന്നും കാരുണ്യ ചികിത്സ 2021 മാർച്ച് 31 വരെ മുടങ്ങില്ലെന്നുമുള്ള ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ പ്രസ്താവന രോഗികൾ ചൂണ്ടിക്കാട്ടിയെങ്കിലും അതിനെക്കുറിച്ചു മാധ്യമങ്ങളിൽ കണ്ട അറിവു മാത്രമേ ഉള്ളൂ എന്നും, കൃത്യമായ ഉത്തരവില്ലാതെ നടപ്പാക്കാനാവില്ലെന്നുമായിരുന്നു മറുപടി. നികുതി, ആരോഗ്യ വകുപ്പുകളുടെ ഉത്തരവിൽ വ്യക്തത ഇല്ലാത്തതാണു പ്രശ്നം. മേയ് 31 നു ശേഷം കാരുണ്യ ചികിത്സ തടസ്സപ്പെടുമെന്നു ‘’ കഴിഞ്ഞയാഴ്ച മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് അടുത്ത മാർച്ച് വരെ സഹായം മുടങ്ങില്ലെന്നു മന്ത്രി പ്രഖ്യാപിച്ചത്.
കാരുണ്യ ഫണ്ടിൽ നിന്നു സഹായം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ട്. ധനമന്ത്രിയുമായി ചർച്ച ചെയ്യും. രണ്ടു ദിവസത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കും. നികുതി വകുപ്പിന്റെ ഉത്തരവിലെ വ്യക്തതക്കുറവും ഉടൻ പരിഹരിക്കും. ഇതുവരെ ചികിത്സ കൊടുത്തിരുന്ന ആശുപത്രികളോടു തുടർന്നും നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കെ.കെ.ശൈലജ, ആരോഗ്യമന്ത്രി.
News from Manorma
https://www.manoramaonline.com/district-news/kozhikode/2020/06/02/kozhikode-treatment-case.html







