Adivaram

താമരശ്ശേരി ചുരത്തിൽ പെട്ടിക്കട കത്തിനശിച്ചു

അടിവാരം : താമരശ്ശേരി ചുരം ഒന്നാംവളവിന് താഴെ 28-ാം മൈലിൽ അടച്ചിട്ട പെട്ടിക്കട തീപടർന്ന് പൂർണമായും കത്തിനശിച്ചു. പുതുപ്പാടി കനലാട് അബ്ദുൾ ഗഫൂറിന്റെ ഉടമസ്ഥതയിലുള്ള പെട്ടിക്കടയാണ് തിങ്കളാഴ്ച രാവിലെ 11.45- ഓടെ അഗ്നിക്കിരയായത്. നോമ്പുകാലമായതിനാൽ ഈ പെട്ടിക്കടയും ഇതിനോട് ചേർന്നുള്ള മറ്റ് തട്ടുകടകളും രാവിലെ തുറന്നിരുന്നില്ല. അടച്ചിട്ടകടയിലെ അഗ്നിബാധ ശ്രദ്ധയിൽപ്പെട്ട് നാട്ടുകാരുടെയും തൊട്ടടുത്ത വർക്ക്‌ഷോപ്പിലെ ജീവനക്കാരുടെയും നേതൃത്വത്തിൽ വെള്ളമൊഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചു.

അസി. സ്റ്റേഷൻ ഓഫീസർ പയസ് അഗസ്റ്റിന്റെ നേതൃത്വത്തിൽ മുക്കം അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റ് സ്ഥലത്തെത്തുമ്പോഴേക്കും കട കത്തിനശിച്ചിരുന്നു. തുടർന്ന് പ്രദേശത്ത് പടർന്നുപിടിച്ച തീ അഗ്നിരക്ഷാസേന പൂർണമായും അണയ്ക്കുകയായിരുന്നു. അൻപതിനായിരത്തോളം രൂപയുടെ നാശനഷ്ടം നേരിട്ടതായാണ് കടയുടമ അറിയിച്ചതെന്ന് അഗ്നിരക്ഷാസേന വ്യക്തമാക്കി. ആറുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് ഇതേ പെട്ടിക്കടയിൽ വലിയതോതിൽ നാശനഷ്ടം നേരിടുന്നത്. കഴിഞ്ഞവർഷം സെപ്റ്റംബർ 26-ന് പുലർച്ചെ നിയന്ത്രണംവിട്ട ചരക്കുലോറിയിടിച്ച് അബ്ദുൾ ഗഫൂറിന്റെ ഈ കടയും, ഇതിന് സമീപത്തെ അടിവാരം സ്വദേശി കാദറിന്റെ കടയും പാടെ തകർന്നിരുന്നു.

Related Articles

Leave a Reply

Back to top button