Thiruvambady

കാഴ്ചയുടെ വിരുന്നൊരുക്കി ഉറുമി; അവഗണന അവസാനിപ്പിക്കാൻ നടപടി വേണം

തിരുവമ്പാടി: പശ്ചിമഘട്ടത്തിന്റെ പച്ചപ്പും കുളിർമ്മയും തേടി എത്തുന്ന സഞ്ചാരികളുടെ പ്രിയകേന്ദ്രമായി ഉറുമി മാറുന്നു. കൂടരഞ്ഞി, തിരുവമ്പാടി പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം പ്രകൃതിഭംഗികൊണ്ട് ശ്രദ്ധേയമാണെങ്കിലും വിനോദസഞ്ചാര വികസന കാര്യത്തിൽ അധികൃതർ ഇന്നും മൗനം പാലിക്കുകയാണ്.

ഉരുളൻ പാറക്കെട്ടുകളിലൂടെ ഒഴുകി വരുന്ന കാട്ടുചോലകളും ശില്പഭംഗിയാർന്ന പാറക്കൂട്ടങ്ങളും ഉറുമിയെ സവിശേഷമാക്കുന്നു. വയനാടിന് സമാനമായ കോടമഞ്ഞും തണുത്ത കാറ്റും പുൽമേടുകളുമാണ് ഇവിടത്തെ പ്രധാന ആകർഷണം. 22 വർഷം മുൻപ് കെ.എസ്.ഇ.ബി.യുടെ ചെറുകിട ജലവൈദ്യുത പദ്ധതികൾ വന്നതോടെയാണ് ഉറുമി ജനശ്രദ്ധയിലേക്ക് വന്നത്. പൂവാറൻതോടിന്റെ താഴ്‌വാരത്തുള്ള വെള്ളച്ചാട്ടങ്ങളും ഡാമും സഞ്ചാരികളുടെ മനംകവരുന്ന കാഴ്ചകളാണ്.

കാഴ്ചകൾ സുന്ദരമാണെങ്കിലും ഉറുമിയിലെ ജലാശയങ്ങൾ അപകടക്കെണികൾ കൂടിയാണ്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC) ഈ കേന്ദ്രം ഏറ്റെടുക്കാത്തതിനാൽ നിലവിൽ നിയന്ത്രണങ്ങളൊന്നുമില്ല. ആഴം തിട്ടപ്പെടുത്താൻ കഴിയാത്ത വിധം കിണർ ആകൃതിയിലുള്ള രണ്ടു വലിയ കയങ്ങൾ ഇവിടെയുണ്ട്. വേനൽക്കാലത്ത് പോലും മലമുകളിൽ പെയ്യുന്ന മഴ അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലിന് കാരണമാകുന്നു. ലൈഫ് ഗാർഡുമാരോ സെക്യൂരിറ്റി ജീവനക്കാരോ ഇല്ലാത്തത് ഇവിടെ സ്ഥിരമായി അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്നുണ്ട്. കെ.എസ്.ഇ.ബി.യുടെ പക്കൽ ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി വിട്ടുനൽകിയാൽ വികസന പദ്ധതികൾ നടപ്പിലാക്കാൻ ഗ്രാമപ്പഞ്ചായത്ത് തയ്യാറാണ്.

ഹാപ്പിനസ് പാർക്ക്, ടർഫ്, ഓപ്പൺ ജിം എന്നിവയുൾപ്പെടെയുള്ള പദ്ധതികൾ പഞ്ചായത്തിന്റെ ആലോചനയിലുണ്ട്. വൈദ്യുതി വകുപ്പ് ഭൂമി വിട്ടുനൽകിയാൽ ഉറുമിയെ സുരക്ഷിത ടൂറിസം കേന്ദ്രമാക്കി മാറ്റാൻ സാധിക്കും. ഉറുമിയെ വിനോദസഞ്ചാര ഭൂപടത്തിൽ ഔദ്യോഗികമായി ഉൾപ്പെടുത്തി, ലൈഫ് ഗാർഡുമാരെയും സുരക്ഷാ ജീവനക്കാരെയും നിയമിക്കണമെന്ന ആവശ്യം ശക്തമാണ്. സർക്കാർ തലത്തിൽ അടിയന്തര ഇടപെടലുണ്ടായാൽ ജില്ലയിലെ തന്നെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി ഉറുമി മാറും.

Related Articles

Leave a Reply

Back to top button