Kozhikode

സർവീസ് നഷ്ടത്തിൽ; സ്വകാര്യ ബസുകൾ ഓട്ടം നിർത്തും

കോഴിക്കോട്∙ യാത്രക്കാരില്ല, ടിക്കറ്റ് ചാർജും കുറച്ചു; സർവീസ് വൻ നഷ്ടത്തിലായതോടെ ഒട്ടുമിക്ക സ്വകാര്യ ബസ് ഉടമകളും സർവീസ് നിർത്തുന്നു. ജില്ലയിലെ 15 % സ്വകാര്യ ബസുകൾ മാത്രമാണ് ഇന്നലെ രാവിലെ ഓടിയതെന്ന് ബസ് ഉടമകൾ പറയുന്നു. ഇവയിൽ പലതും ഉച്ചയോടെ ഓട്ടം അവസാനിപ്പിച്ചു. ഇന്നുമുതൽ ബാക്കി ബസുകളും സർവീസ് നിർത്താനുള്ള തയാറെടുപ്പിലാണ്.

ലോക്ഡൗൺ ഇളവനുസരിച്ച് ബസ് ഓടാൻ അനുമതി നൽകിയെങ്കിലും സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരു സീറ്റിൽ ഒരാളെ മാത്രമേ ഇരിക്കാൻ അനുവദിച്ചിരുന്നുള്ളൂ. ആ സമയത്ത് ചാർജ് വർധിപ്പിച്ചിരുന്നു. എന്നാൽ, ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി എല്ലാ സീറ്റുകളിലും ആളുകളെ ഇരുത്താമെന്ന് കഴിഞ്ഞ ദിവസം സർക്കാർ തീരുമാനിച്ചു.

ഇതോടെ ബസ് ചാർജ് കുറച്ചതായി പ്രഖ്യാപിച്ചു. ഇന്ധനത്തിന്റെ മാത്രം വില 36 രൂപ ആണെന്നിരിക്കെ 67 രൂപയോളം നൽകിയാണ് ബസുകളിൽ ഡീസലടിക്കുന്നത്. നിലവിൽ കോവിഡ് ഭീതികാരണം യാത്രക്കാരുടെ എണ്ണം തുച്ഛമാണ്. തൊഴിലാളികൾക്ക് വേതനം നൽകാൻ പോലും സാധിക്കുന്നില്ലെന്നും ബസ് ഉടമകൾ പറയുന്നു.

സ്വന്തം കൈയിൽനിന്ന് പണം മുടക്കി സർവീസ് നടത്തുന്നതിലും ഭേദം ബസ് നിർത്തിയിടുകയാണ് നല്ലതെന്ന് ലോക്ഡൗൺ പഠിപ്പിച്ചുവെന്നാണ് ബസ് ഉടമകൾ പറഞ്ഞത്. സമരത്തിലേക്ക് കടക്കണോ എന്ന വിഷയത്തിൽ തീരുമാനമെടുക്കാൻ ഇന്ന് ബസ് ഉടമകൾ കൂടിയാലോചന നടത്തുന്നുണ്ട്.

News from Manorama

https://www.manoramaonline.com/district-news/kozhikode/2020/06/04/kozhikode-bus-service.html

Related Articles

Leave a Reply

Back to top button