മുക്കത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

മുക്കം : മുക്കത്ത് വീണ്ടും പോലീസ് മയക്കുമരുന്ന് വേട്ട നടത്തി. എം.ഡി.എം.എയുമായി യുവാവിനെ പോലീസ് പിടികൂടി. കാരാശ്ശേരി പുൽത്തോടത്ത് തറവാട് വീട്ടിൽ ഫർഹാൻ (33) ആണ് പിടിയിലായത്.
മുക്കത്ത് കോഫി ഷോപ്പ് നടത്തുന്ന ഫർഹാൻ, കൊറിയർ മുഖേനയാണ് ലഹരിമരുന്ന് എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളിൽ നിന്നും 1.21 ഗ്രാം എം.ഡി.എം.എ എക്സ്റ്റസി ഗുളികകൾ പിടിച്ചെടുത്തു.മുക്കം ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് വൈകുന്നേരം അഞ്ചു മണിയോടെയാണ് ഇയാൾ വലയിലായത്.കോഴിക്കോട് റൂറൽ എസ്.പി ടി. ഫറാഷിന്റെ കീഴിലുള്ള ഡാൻസാഫ് സംഘവും മുക്കം പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.
ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മുക്കത്ത് ലഹരിമരുന്ന് പിടികൂടുന്നത്. കഴിഞ്ഞ ഏപ്രിൽ രണ്ടിന് ഇതേ സ്ഥലത്ത് വെച്ച് 2.803 കിലോ എം.ഡി.എം.എയുമായി പുല്ലപ്പൊയിൽ സ്വദേശി മുഹമ്മദ് ഹനീഫ, ബേപ്പൂർ സ്വദേശിനി റെയ്ഹാനത്ത് എന്നിവരെ പിടികൂടിയിരുന്നു.
മുക്കം എസ്.ഐമാരായ കെ. ശ്രീരാഗ്, കെ. സന്തോഷ് കുമാർ, സി.പി.ഒമാരായ വി.ആർ. ശോഭിൻ, ബിനോയ് വിശ്വം, എ. ബിജു, വി.കെ. ജോഷി എന്നിവരും ഡാൻസാഫ് അംഗങ്ങളായ എസ്.ഐ രാജീവ് ബാബു, എൻ.എം. ജയരാജൻ, പി.പി. ജിനീഷ് എന്നിവരും ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.







