കക്കാടംപൊയിൽ ഇക്കോ ടൂറിസം; ധാരണയായിട്ട് ഒരുവർഷം തുടർനടപടി വൈകുന്നു

തിരുവമ്പാടി : ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കക്കാടംപൊയിൽ, നായാടംപൊയിൽ, കുരിശുമല ഇക്കോ ടൂറിസം സെന്ററായി വികസിപ്പിക്കുന്നതിനു ധാരണയായിട്ട് ഒരുവർഷം പിന്നിട്ടെങ്കിലും പദ്ധതി ഇനിയും യാഥാർഥ്യമായില്ല. വനം വകുപ്പും കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തും സംയുക്തമായി നടപ്പാക്കാൻ ധാരണയായ പദ്ധതിയാണ് വൈകുന്നത്. 2025 ഏപ്രിലിൽ 11-ന് അന്നത്തെ സ്ഥലം എം.എൽ.എ. ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ മുൻ വനം, വന്യ ജീവി സംരക്ഷണ മന്ത്രി എ.കെ. ശശീന്ദ്രൻ പങ്കെടുത്ത അവലോകനയോഗത്തിനും സ്ഥലം സന്ദർശനത്തിനും ശേഷമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരുന്നത്.
ഇക്കോ ടൂറിസത്തിന്റെ വിശദ പദ്ധതിരേഖ തയ്യാറാക്കാനും കക്കാടംപൊയിലിൽ ലഭ്യമായ റവന്യൂ ഭൂമിയിൽ ഫ്ളവർവാലി നിർമിക്കാനും യോഗത്തിൽ തീരുമാനമായിരുന്നു. ഇക്കോ ടൂറിസത്തിന്റെയും ഫാം ടൂറിസത്തിന്റെയും ഈറ്റില്ലമാണീ ഗ്രാമം. ഇക്കോ ടൂറിസം പദ്ധതി നടപ്പായാൽ സാമൂഹികമായി പിന്നാക്കാവസ്ഥയിലുള്ള പ്രദേശവാസികൾക്ക് വരുമാനമാർഗംകൂടി തുറന്നുകൊടുക്കും. 18.3 ഹെക്ടർ വരുന്ന ഇക്കോ ടൂറിസം പദ്ധതി നിർദേശിക്കുന്ന കക്കാടംപൊയിൽ, നായാടംപൊയിൽ വനഭാഗം, സമുദ്ര നിരപ്പിൽ നിന്നും 2200 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.
സദാസമയവും തണുത്ത കാലാവസ്ഥയും കുന്നിൻമുകളിൽ കോട മൂടിക്കിടക്കുന്നതും സഞ്ചാരികളെ ആകർഷിക്കുന്നു. പുൽമേടുകളും പാറക്കൂട്ടങ്ങളും നിറഞ്ഞ ഈ വനപ്രദേശം സഞ്ചാരികൾക്ക് കുളിർമ പകരുന്ന കാഴ്ചാനുഭവങ്ങൾ സമ്മാനിക്കുന്നു. സന്ദർശകർക്ക് മതിയായ സംരക്ഷണവും മാർഗനിർദേശങ്ങളും നൽകുക, വനം വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുക, വനോത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുക, പ്രകൃതിഭംഗി ആസ്വദിക്കുന്നതിന് സൗകര്യം ഒരുക്കുക തുടങ്ങിയവ ഇക്കോ ടൂറിസം പദ്ധതിയിലൂടെ നടപ്പാക്കാൻ ലക്ഷ്യമിട്ടിരുന്നു.
ടിക്കറ്റ് കൗണ്ടർ, കുടിവെള്ളം, ഭക്ഷണം, ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങൾ ഗ്രാമപ്പഞ്ചായത്ത് ഒരുക്കാനും സഞ്ചാരികൾ ഉപേക്ഷിക്കുന്ന മാലിന്യം നിക്ഷേപിക്കുന്നതിന് നിർദിഷ്ട സ്ഥലങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കാനും ധാരണയായിരുന്നു. എന്നാൽ,അധികൃതരുടെ അനാസ്ഥകാരണം പദ്ധതി അനിശ്ചിതത്വത്തിലാണ്. പദ്ധതിക്ക് സർക്കാർ അംഗീകാരം നേരത്തേ ലഭിച്ചിട്ടുണ്ടെന്നും പുതുതായി റോഡ് വെട്ടുകയും ചെയ്തിട്ടുണ്ടെന്നും അന്നത്തെ പഞ്ചായത്ത് പ്രസിഡന്റും ഗ്രാമപ്പഞ്ചായത്തംഗവുമായ ആദർശ് ജോസഫ് പ്രതികരിച്ചു.







